അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും മാധവ് സുരേഷ് പറയുന്നു. തെറ്റായി വിഡിയോ ചിത്രീകരിച്ച യുട്യൂബേഴ്സാണ് യഥാർഥത്തിൽ മാപ്പ് പറയേണ്ടതെന്ന് സമൂഹമാധ്യമത്തിൽ മാധവ് കുറിച്ചു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ വൈകാരിക പ്രതികരണം നടത്തിയ അന്നയുടെ പോസ്റ്റ് പങ്കുവച്ചാണ് മാധവ് സുരേഷിന്റെ വാക്കുകൾ.
‘പൂജ ചെയ്യുന്ന സ്ത്രീകളുടെ വിഡിയോ അവരുടെ അന്തസിന് വില കൽപിക്കാതെ പലപ്പോഴും ക്ലിക്ക് കിട്ടുന്നതിനായി ചില യുട്യൂബേഴ്സ് പകർത്തി പങ്കുവയ്ക്കുന്നു. ഇതുമൂലം പലപ്പോഴും മാപ്പ് പറയേണ്ടി വരുന്നത് സെലിബ്രിറ്റികളാണ്. വാസ്തവത്തിൽ അന്ന രാജൻ മാപ്പ് പറയേണ്ടതില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ഇത്തരത്തിൽ ലജ്ജയില്ലാതെ വിഡിയോ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ മാധവ് സുരേഷ് കുറിച്ചു.
ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വിഷയത്തിൽ അന്ന രാജൻ പ്രതികരിച്ചത്. ‘എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും, എന്നായിരുന്നു അന്നയുടെ പ്രതികരണം.