മകള്‍ ദുആയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ദീപിക പദുക്കോണും റണ്‍വീര്‍ സിംഗും. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 2024 സെപ്റ്റംബറിലാണ് ദുആ ജനിച്ചതെങ്കിലും ആദ്യമായാണ് ഇരുവരും മകളുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്. ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള മനോഹരമായ ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് ദീപിക പദുക്കോണും മകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദീപികയും രൺവീറും ദുആയും പരമ്പരാഗത വേഷങ്ങളിലാണ് ചിത്രത്തിലുള്ളത്. ദീപികയും കുഞ്ഞും ചുവപ്പ് നിറത്തിലുള്ള എത്‌നിക് വസ്ത്രങ്ങളാണ് അണിഞ്ഞത്. ക്രീം നിറത്തിലുള്ള കുർത്തയും ജാക്കറ്റുമാണ് രണ്‍വീറിന്‍റെ വേഷം.
മകൾ ജനിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് ദമ്പതികൾ മകളുടെ പേര് ദുആ ആണെന്ന് വെളിപ്പെടുത്തിയത്. അറബിയില്‍ "പ്രാർത്ഥന" എന്നാണ് വാക്കിന്‍റെ അര്‍ഥം. കവിതയോടും സംഗീതത്തോടുമുള്ള തങ്ങളുടെ പൊതുവായ ഇഷ്ടമാണ് ഈ പേരിന് പ്രചോദനമായതെന്നും ഇത് നന്ദിയുടെയും പ്രത്യാശയുടെയും പ്രതീകമാണെന്നും ദീപികയും രൺവീറും പറഞ്ഞിരുന്നു.