Image Credit: https: instagram.com/asraniofficial

മുതിര്‍ന്ന ബോളിവു‍‍ഡ് നടനും സംവിധായകനുമായ ഗോവര്‍ധന്‍ അസ്രാണി (84) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അന്ത്യം. നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഷോലെ ഉള്‍പ്പെടെ 350ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍‌സ്റ്റാഗ്രാമില്‍ ദീപാവലി ആശംസ നേര്‍ന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം. നാല് ദിവസം മുമ്പാണ് അദ്ദേഹത്തെ ജുഹുവിലെ ഭാരതീയ ആരോഗ്യ നിധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ത്യകർമങ്ങൾ ഇതിനകം പൂർത്തിയാതായാണ് റിപ്പോര്‍ട്ട്.

സംസ്കാരത്തിന് ശേഷം മാത്രമാണ് മരണവാര്‍ത്ത പുറത്തുവിട്ടതെന്നാണ് ഇന്ത്യ ടു‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്ര വേഗത്തിൽ ശവസംസ്കാരം നടത്താൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമാധാനത്തോടെ പോകാൻ ആഗ്രഹിക്കുന്നുവെന്നും തന്‍റെ മരണത്തെ വലിയ സംഭവമാക്കരുതെന്നും ഭാര്യയോട് പറഞ്ഞതായി അദ്ദേഹത്തിന്‍റെ പിഎ പറഞ്ഞു. സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 350 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടനും സഹനടനുമെന്ന നിലയിലായിരുന്നു മിക്കവേഷങ്ങളിലും അദ്ദേഹം എത്തിയത്. 'മേരെ അപ്‌നെ', 'കോഷിഷ്', 'ബാവർച്ചി', 'പരിചയ്', 'അഭിമാൻ', 'ചുപ്‌കെ ചുപ്‌കെ', 'ഛോട്ടി സി ബാത്ത്', 'റഫൂ ചക്കർ' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. 

അഭിനയത്തിനപ്പുറം ചലച്ചിത്ര നിർമ്മാണത്തിന്റെ മറ്റ് മേഖലകളിലും അദ്ദേഹം മുദ്ര പതിപ്പിച്ചിരുന്നു. 1977-ൽ അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'ചല മുരാരി ഹീറോ ബന്നെ' എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. 'സലാം മേംസാബ്' (1979) പോലുള്ള നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം സംവിധാനത്തിലും ശ്രദ്ധേയനായി. ഗുജറാത്തി സിനിമയിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'ധമാൽ' ഫ്രാഞ്ചൈസി പോലുള്ള സമീപകാല ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Bollywood's beloved comedian and director, Govardhan Asrani (84), known for his iconic role as the jailer in 'Sholay', passed away after a prolonged illness. In a surprise move, his funeral was conducted swiftly at Santacruz Crematorium as he wished to avoid a spectacle. The actor worked in over 350 films.