അഭിനയരംഗത്തു അൻപതു വർഷം പിന്നിട്ട നടൻ ടി.ജി.രവിയ്ക്കു ജൻമനാടിന്‍റെ ആദരം. ജൻമനാടായ തൃശൂർ മൂർക്കനിക്കരയിൽ നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു ടി.ജി.രവിയെ ആനയിച്ചത്.
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇരിപ്പിടം ഉറപ്പിച്ച നടനാണ് ടി.ജി.രവി. പിന്നീട്, ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ പുതിയ മുഖം അവതരിപ്പിച്ചു ടി.ജി.രവി. ന്യൂജനറേഷൻ സിനിമകളിലും തൻ്റേതായ അഭിനയപാടവം തെളിയിച്ച നടനാണ് ഇദ്ദേഹം. അരനൂറ്റാണ്ടുക്കാലം മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ.
അഭിനയലോകത്തു അൻപതു വർഷം പിന്നിട്ടതിനാണ് ടി.ജി.രവിയെ ജൻമനാട് ആദരിച്ചത്. തൃശൂർ മൂർക്കനിക്കരക്കാരനാണ് ടി.ജി.രവി. സ്ഥലം എം.എൽ.എയും സംസ്ഥാനത്തെ റവന്യൂമന്ത്രിയുമായ കെ.രാജൻ്റെ നേതൃത്വത്തിലായിരുന്നു ആദരവിന് വേദി ഒരുക്കിയത്.
ജൻമനാടിൻ്റെ ആദരം ഏറ്റുവാങ്ങുമ്പോൾ ചലച്ചിത്രരംഗത്തെ പ്രിയപ്പെട്ട സഹപ്രവർത്തകരും ആശംസകളുമായി വേദിയിൽ എത്തി. നടി ഉർവശി, നടൻ വിജയരാഘവൻ, ഇന്ദ്രൻസ്, സംവിധായകൻ കമൽ, സംഗീത സംവിധായകൻ വിദ്യാധരൻ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ തുടങ്ങി ഒട്ടേറെ സഹപ്രവർത്തകർ ടി.ജി.രവിയെ ആശംസിക്കാൻ തൃശൂർ പൂച്ചെട്ടിയിൽ എത്തി. രണ്ടു ദിവസത്തെ ആഘോഷമാണ് ജൻമനാടിനിത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ പ്രൌഢഗംഭീരമായ സദസിനെ സാക്ഷിനിർത്തിയായിരുന്നു ആദരം.