ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ഋഷഭ് ഷെട്ടി ഒരുക്കിയ ബ്രഹ്‌മാണ്ഡചിത്രം കാന്താര: ചാപ്റ്റര്‍ 1. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ ഇതിനകം കാന്താര കണ്ട് മികച്ച അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചനും പങ്കുവെക്കുകയാണ് 'കാന്താര' അനുഭവം. സ്വന്തം അനുഭവമല്ല, മറിച്ച് മകള്‍ ശ്വേതയുടെ അസാധാരണ അനുഭവമാണ് അദ്ദേഹം പറഞ്ഞത്.
‘ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ, ഞാന്‍ താങ്കളുടെ സിനിമ ഇതുവരെ കാണാത്തതിന്. നമ്മുടെ ഷെഡ്യൂളുകള്‍ താങ്കള്‍ക്കറിയാമല്ലോ. എന്നാല്‍ എന്റെ മകള്‍ ശ്വേത കാന്താര കാണാന്‍ പോയി. സിനിമ കണ്ടശേഷം കുറച്ചുദിവസം അവള്‍ക്ക് ഉറക്കം നഷ്ടമായി. താങ്കളുടെ പ്രകടനം കണ്ട് അവള്‍ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. പ്രത്യേകിച്ച് അവസാനത്തെ സീന്‍’ -അമിതാഭ് ബച്ചന്‍ ഋഷഭ് ഷെട്ടിയോട് പറഞ്ഞു.
ഒക്ടോബർ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് തിയറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.