kantara-ranveersingh-rishabshetty

ഗോവന്‍ രാജ്യാന്തര ചലചിത്രമേളയില്‍ കാന്താര; ചാപ്റ്റര്‍ വണ്ണിലെ സീന്‍ അഭിനയിച്ച് വന്‍ വിമര്‍ശനമാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് ഏറ്റുവാങ്ങിയത്. കാന്താരയില്‍ ദൈവത്തെ ആവാഹിച്ച ഋഷഭ് ഷെട്ടിയുടെ കഥാപാത്രം ഉറഞ്ഞുതുള്ളുന്നതിനെ തമാശരൂപേണ അവതരിപ്പിക്കുകയും റിഷഭ് ചാമുണ്ഡി ദൈവത്തെ ആവാഹിച്ചത് പ്രേതം കയറി എന്ന് നടന്‍ പറഞ്ഞതും വന്‍ വിവാദമായിരുന്നു. വേദിയില്‍ ഋഷഭ് ഷെട്ടി ഇരിക്കെയായിരുന്നു രണ്‍വീറിന്‍റെ പ്രകടനം. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഋഷഭിന്‍റെ അഭിനയത്തെ പ്രശംസിക്കാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. ഒരു നടന്‍ എന്ന നിലയ്ക്ക് ഋഷഭിന് അത്തരമൊരു രംഗം അഭിനയിക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വന്നിട്ടുണ്ടാകും. അദ്ദേഹത്തെ ഞാന്‍ വളരേയേറെ ബഹുമാനിക്കുന്നു എന്ന് രണ്‍വീര്‍ പറഞ്ഞു. താന്‍ രാജ്യത്തുള്ള എല്ലാ സംസ്കാരങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും അഗാധമായി ബഹുമാനിക്കുന്നുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

ഋഷഭ് ഷെട്ടി വേണ്ടെന്നു പറഞ്ഞിട്ടും രണ്‍വീര്‍ വേദിയില്‍ അഭിനയിക്കാന്‍ കയറുകയായിരുന്നു. എന്നാല്‍ ഋഷഭിന്‍റെ കഥാപാത്രത്തെ അഭിനയിക്കുന്നതിന് പകരം പരിഹാസരൂപേണ കാണിക്കുന്ന തരത്തിലായിരുന്നു രണ്‍വീറിന്‍റെ പ്രകടനം. മാപ്പ് പറഞ്ഞെങ്കിലും രണ്‍വീറിന് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന നിലയിലാണ് സമൂഹമാധ്യമത്തിലെ ആബാലവൃന്തം ജനങ്ങളുടെയും പ്രതികരണം. രണ്‍വീര്‍ ഒരു തേര്‍ഡ് റേറ്റ് നടനാണെന്നും ഹിന്ദുദൈവങ്ങളെ അപമാനിക്കുകയാണെന്നും അടുത്ത സിനിമ ബോയ്കോട്ട് ചെയ്യുമെന്നും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. രണ്‍വീറിനെതിരെ മതവികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുക്കണം എന്നും പ്രതിഷേധങ്ങളുയരുന്നുണ്ട്.

ENGLISH SUMMARY:

Bollywood actor Ranveer Singh faced massive criticism for performing a scene from Kantara: Chapter 1 at the International Film Festival of Goa (IFFI). While on stage, with Rishab Shetty present, Ranveer Singh mockingly imitated Shetty's character during the divine invocation (Daivaradhane) and allegedly commented that Shetty's character was "possessed by a ghost" rather than the spirit of the Chaamundi deity.