ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത് രണ്ട് മലയാള ചിത്രങ്ങളാണ്. റിമ കല്ലിങ്കൽ മുഖ്യവേഷത്തിൽ എത്തുന്ന തിയറ്റർ - ദ മിത്ത് ഓഫ് റിയാലിറ്റി, ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പെറ്റ് ഡിറ്റക്ടീവ് എന്നിവയാണ് ഇന്ന് തിയറ്ററുകളിൽ എത്തുക. നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പാതിരാത്രി നാളെ തിയറ്ററുകളിൽ എത്തും.
ബിരിയാണി എന്ന ചിത്രമൊരുക്കി ദേശീയ തലത്തിൽ ശ്രദ്ധനേടിയ സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് തിയറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റി. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേളകളിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ഷറഫുദീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീനും, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് പെറ്റ് ഡിറ്റക്ടീവ് നിർമിക്കുന്നത്. പ്രനീഷ് വിജയനാണ് സംവിധായകൻ. അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എന്‍റർടെയിനറായ ചിത്രത്തിൽ ഷറഫുദീനും അനുപ പരമേശ്വരനും പുറമെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിനായകൻ തുടങ്ങിയവർ അഭിനയിക്കുന്നു.
മമ്മൂട്ടി ചിത്രം പുഴു ഒരുക്കിയ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രത്തിൽ നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും എത്തുന്നു.ഇതിനെല്ലാം പുറമെ വീണ്ടുമൊരു മോഹൻലാൽ ചിത്രത്തിന്‍റെ റീറിലിസും പ്രഖ്യാപിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദിന്റെ 4k റീമാസ്റ്റേർഡ് വെർഷനാണ് 25വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.