കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കൊച്ചു സിനിമയ്ക്ക് നിറഞ്ഞ സദസില്‍ പ്രദര്‍ശനം. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സെക്ഷനിലെ ജീവനക്കാര്‍ നിര്‍മ്മിച്ച  "മലയോരക്കാഴ്ചകള്‍" എന്ന സിനിമ കെഎസ്ഇബി നല്‍കുന്ന സേവനങ്ങളാണ് പ്രമേയമാക്കിയത്.  കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പിരിവെടുത്ത് നിര്‍മിച്ച അര മണിക്കൂര്‍ ചിത്രം. തലശേരി ലിബര്‍ട്ടി തിയറ്ററിലെ വെള്ളിത്തിരയില്‍ കഥാപാത്രങ്ങളായത് പെരിങ്ങത്തൂര്‍, കോടിയേരി, പാനൂര്‍ സെക്ഷനുകളിലെ 21 ജീവനക്കാര്‍. ബാലതാരങ്ങള്‍ ജീവനക്കാരുടെ മക്കള്‍. സംവിധാനം ഓവര്‍സിയര്‍ സി.പി രഞ്ജിത്ത്. വിദ്യുച്ഛക്തി കൈകാര്യം ചെയ്തവര്‍ക്ക് സിനിമയും വഴങ്ങുമെന്ന് തെളിയിച്ചു ഈ കലാകാരന്മാര്‍. 

"മലയോരക്കാഴ്ചകള്‍" കെഎസ്ഇബി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നേര്‍സാക്ഷ്യമായി. ഇടുക്കിയിലെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തിച്ചത് സിനിമ വരച്ചുകാട്ടി. കെഎസ്ഇബി ഉദ്യോഗസ്ഥരെ കുറിച്ചുള്ള ധാരണകള്‍ തിരുത്തുന്നതായിരുന്നു ചിത്രം. താരങ്ങള്‍ മിന്നിമറയുന്ന സ്ക്രീനില്‍ തങ്ങളും ചലിയ്ക്കുന്ന ചിത്രങ്ങളായതിന്‍റെ കൗതുകവും ആശ്ചര്യവുമെല്ലാമുണ്ടായിരുന്നു പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഈ നടീനടന്മാരുടെ മുഖത്ത്.

സംവിധാനവും അഭിനയവും മാത്രമല്ല, തിരക്കഥയും ഗാനരചനയുമെല്ലാം തിരക്കുകള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കിയതാണ്. പാടിയതും ഉദ്യോഗസ്ഥരുടെ മക്കള്‍. ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ് തുടങ്ങിയ സാങ്കേതിക സഹായങ്ങള്‍ക്ക് മാത്രം പുറത്തുനിന്ന് ആളെ വെച്ചു. അങ്ങനെയാണ് മലയോരക്കാഴ്ചകള്‍ പിറന്നത്. 

ENGLISH SUMMARY:

KSEB film 'Malayoram Kazhchakal' showcases the services provided by KSEB to the underprivileged. The film highlights the dedication of KSEB employees and their commitment to serving the community, changing common perceptions.