ബോളിവുഡിന്‍റെ കിങ് ഖാന്‍ എവിടെപ്പോയാലും ആരാധകരും ഒപ്പമുണ്ടാകും, അതില്‍ സംശയമില്ല. സെൽഫിയെടുക്കാന്‍, ഓട്ടോഗ്രാഫ് വാങ്ങാന്‍ തുടങ്ങി ഒന്നുകണ്ടാല്‍ മതിയെന്ന് പോലും ആഗ്രഹിച്ച് ആരാധകരെത്തും. എന്നാല്‍ ഒരു എസ്ആര്‍കെ ആരാധകന്‍റെ ആഗ്രഹം തികച്ചും വ്യത്യസ്തമായിരുന്നു. വേറൊന്നുമല്ല, ഷാറൂഖിന്‍റെ സ്വിമ്മിങ് പൂളില്‍ ഒന്ന് കുളിക്കണം. ഷാറുഖ് ഖാനെപ്പോലും അമ്പരപ്പിച്ച ഒരു ആഗ്രഹമായിരുന്നു അത്. 2016 ൽ 'ആപ് കി അദാലത്ത്' എന്ന ടോക്ക് ഷോയിലാണ് ഷാറൂഖ് തന്നെയാണ് ഈ അനുഭവം വിവരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഷാറൂഖിന്‍റെ ആ വാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡയിയില്‍ വൈറലാകുകയാണ്.
സത്യത്തില്‍ താന്‍ അന്ന് ശരിക്കും ഞെട്ടിയെന്ന് ഷാറൂഖ് പറയുകയുണ്ടായി. ‘എന്റെ ജന്മദിനമോ മറ്റോ ആയിരുന്നു. നിരവധി മാധ്യമപ്രവർത്തകര്‍ അന്ന് മന്നത്തിൽ എത്തിയിരുന്നു. ആ കൂട്ടത്തില്‍ അയാളും കയറിക്കൂടി. മന്നത്തില്‍ കേറിയ ഉടനെ അയാള്‍ തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി എന്റെ നീന്തൽക്കുളത്തിലേക്ക് ചാടി. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീന്തി. സെക്യൂരിറ്റി ജീവനക്കാര്‍ ഉടനെത്തി അയാളെ പിടികൂടി. ആരാണെന്ന് ചോദിച്ചപ്പോൾ, അവൻ പറഞ്ഞു. 'എനിക്ക് ഒന്നും വേണ്ട. എനിക്ക് ഷാറൂഖ് ഖാന്റെ നീന്തൽക്കുളത്തിൽ കുളിക്കണമെന്നുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഷാറൂഖ് കുളിക്കുന്ന വെള്ളത്തിൽ കുളിച്ചു, ഇപ്പോൾ ഞാൻ പൊക്കോളാം’.
സെക്യൂരിറ്റി ജീവനക്കാര്‍ എന്‍റെ അടുത്തെത്തി കാര്യം പറഞ്ഞു. കേട്ട ഞാനും ഞെട്ടി. സംഭവം വളരെ വിചിത്രമായി തോന്നി. അയാളെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു. അയാള്‍ അവിടെനിന്നും സ്ഥലംവിട്ടു’. ആ ആരാധകന്റെ ധൈര്യത്തിൽ താൻ അത്ഭുതപ്പെട്ടുപോയി എന്ന് ഷാറൂഖ് പറഞ്ഞിരുന്നു. ഒരു ഓട്ടോഗ്രാഫ്, ഒരു സെൽഫി, അല്ലെങ്കിൽ ഒന്ന് സംസാരിക്കുക പോലും ആയാള്‍ക്ക് വേണ്ടായിരുന്നു. ആരാധകരുമായി പലതരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടത് ഈ അനുഭവമാണെന്നും അന്ന് ഷാറൂഖ് ഖാന്‍ പറയുകയുണ്ടായി.