ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ റഷ്യയിലെ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണം. യാള്‍ട്ടയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രധാന നഗരമായ കസാനിലും ചിത്രം ഒരേ സമയം പ്രദര്‍ശിപ്പിച്ചു.
റഷ്യയിലെ മേളയില്‍ 'തിയേറ്റർ' പ്രദർശിപ്പിക്കാൻ കഴിഞ്ഞതും ഇതുപോലൊരു വേദിയില്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതും വളരെ സന്തോഷവും അഭിമാനവുമെന്ന് സംവിധായകൻ സജിൻ ബാബു. അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനകം ചിത്രം നേടികഴിഞ്ഞു. കൂടാതെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിലെത്തും.