കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ചകോരം നേടിയ കോസ്റ്റാറിക്കന്‍-സ്വീഡിഷ് ചിത്രത്തിന്‍റെ നിര്‍മാതാവിനുള്ള പത്തുലക്ഷം രൂപ സമ്മാനത്തുക കൈമാറുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. ചലച്ചിത്ര അക്കാദമി തുക കൈമാറിയ അക്കൗണ്ടിനെക്കുറിച്ചുള്ള സംശയമാണ് കാരണം. സൈബര്‍ പൊലീസ് സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അക്കാദമി അറിയിച്ചു.
ക്ലാര സോള എന്ന കോസ്റ്റാറിക്കന്‍-സ്വീഡിഷ് ചിത്രത്തിനായിരുന്നു 2022 ലെ സുവര്‍ണചകോരം. നിര്‍മാതാവിനും സംവിധായകനും 10 ലക്ഷം രൂപവീതമാണ് സമ്മാനത്തുക. സംവിധായിക നതാലി അല്‍വാരസും നിര്‍മാതാവ് നിമ യൂസഫിയും സമാപന ചടങ്ങില്‍ പങ്കെടുത്തില്ല. ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പറുകളിലേക്ക് ചലച്ചിത്ര അക്കാദമി എസ്ബിഐ വഴി പണം അയച്ചു. സംവിധായിക നതാലിയ്ക്ക് പണം ലഭിച്ചതായി അറിയിപ്പുകിട്ടി. എന്നാല്‍ നിര്‍മാതാവ് നിമയ്ക്ക് സമ്മാനത്തുക കിട്ടിയില്ല. ഈ അക്കൗണ്ടിലെത്തിയ പണം പോലീസ് കണ്ടെടുത്തെന്നും സര്‍ക്കാര്‍ ട്രഷറിയിലേയ്ക്ക് മാറ്റിയെന്നും അറിയിച്ച് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഇ.മെയില്‍ അക്കാദമിക്ക് ലഭിച്ചു. സൈബര്‍തട്ടിപ്പാകുമെന്ന് സംശയം തോന്നിയതോടെ ചലച്ചിത്ര അക്കാദമി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കി.
സ്വീഡിഷ് പ്രോസിക്യൂട്ടറുടെ അറിയിപ്പ് ഔദ്യോഗികം തന്നെയെന്നും ചലച്ചിത്ര അക്കാദമി കൈമാറിയ തുക എത്തിയ അക്കൗണ്ട് സ്വീഡിഷ് സര്‍ക്കാര്‍ തന്നെയാണ് മരവിപ്പിച്ചതെന്നും സൈബര്‍ സെല്‍ കണ്ടെത്തി. നിര്‍മാതാവ് നല്‍കിയ അക്കൗണ്ടിലേയ്ക്ക് തന്നെയാണ് അക്കാദമി തുക അയച്ചതെന്നും സ്ഥിരീകരിച്ചു. ഈ അക്കൗണ്ടില്‍ എങ്ങനെ തര്‍ക്കംവന്നുവെന്നാണ് അറിയേണ്ടത്. നിര്‍മാതാവ് നല്‍കിയ അക്കൗണ്ട് തെറ്റാണെങ്കില്‍ തുക അക്കാമിയുടെ അക്കൗണ്ടിലേക്ക് മടക്കിവാങ്ങണം. അക്കൗണ്ട് നിര്‍മാതാവ് നിമയുടേതാണെന്ന് ഉറപ്പിച്ചാല്‍ സമ്മാനത്തുക വിടുതല്‍ ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് അധികൃതരെ അറിയിക്കും.