'കാന്താര' ചിത്രങ്ങളിലെ സ്ത്രീകഥാപാത്രസൃഷ്ടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ലെന്ന് ഋഷഭ് പറഞ്ഞു. സമൂഹത്തിലുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഋഷഭ് പറഞ്ഞു.
'കാന്താര' ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകന്‍ നായികയുടെ സമ്മതമില്ലാതെ അരക്കെട്ടില്‍ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേള്‍ക്കേണ്ടിവന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഋഷഭ്.
'ആദ്യഭാഗത്തില്‍ ശിവയുടെ യാത്രയായിരുന്നു കാണിച്ചത്. അയാള്‍ നായകന്‍ മാത്രമല്ല വില്ലന്‍ കൂടിയായിരുന്നു. നായകനായ അയാള്‍ എന്തോ തെറ്റ് ചെയ്യുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. അയാള്‍ എന്തുചെയ്യരുതെന്ന് കാണിക്കുകയായിരുന്നു ഞാന്‍. എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതമായിരുന്നു അയാള്‍ ചെയ്യുന്നത്. ഒരുപാട് നെഗറ്റിവിറ്റി അയാള്‍ നേരിട്ടു, ഒടുവില്‍ കഥാപാത്രം തിരിച്ചറിവിലേക്ക് എത്തുന്നു. മാറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കഥ കാണിച്ചുതരുന്നു'- ഋഷഭ് ഷെട്ടി പറഞ്ഞു