Image Credit : Facebook
തന്‍റെ ഇതുവരെയുളള സിനിമാ കരിയറില്‍ എടുത്ത ഏറ്റവും നിര്‍ണായകമായ തരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ നായിക രുക്മിണി വസന്ത്. നായികയായി തിളങ്ങിനില്‍ക്കുന്ന സമയത്ത് നെഗറ്റീവ് കഥാപാത്രമെടുത്തത് വലിയൊരു തീരുമാനമായിരുന്നെന്ന് രുക്മിണി പറയുന്നു. കഥാപാത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ വലിയ സന്തോഷവും താല്‍പര്യവും തോന്നിയിരുന്നെന്നും എന്നാല്‍ ഈ നെഗറ്റീവ് കഥാപാത്രം തന്‍റെ സിനിമാ കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നിരുന്നെന്നും താരം വെളിപ്പെടുത്തി.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്‍ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. നായികയായി എത്തി സിനിമാ മേഖലയില്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴാണ് ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യാം എന്ന തീരുമാനം രുക്മിണി എടുക്കുന്നത്. ഇത് വളരെ നിര്‍ണായകമായ ഒരു തീരുമാനമായിരുന്നുവെന്നാണ് താരം പറയുന്നത്. നടിമാർ ഒരു പ്രത്യേക തരം വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന രീതിയിലുളള മുൻവിധികൾ സിനിമാ മേഖലയിൽ നിലനിൽക്കുന്നതിനാൽ ഇത്തരമൊരു ചുവടുവെപ്പ് തുടക്കത്തിൽ അല്പം സമ്മർദ്ദമുണ്ടാക്കിയെന്നും രുഗ്മിണി പറയുന്നുണ്ട്.
'ഋഷഭ് ഷെട്ടി സാര്‍ വിളിച്ചപ്പോള്‍ അതീവ സന്തോഷം തോന്നി, അപ്പോഴാണ് അദ്ദേഹം പറയുന്നത് ഇതില്‍ വില്ലത്തി നീയാണ് എന്ന്. ഇങ്ങനെയാരു വലിയ സിനിമയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം തോന്നി. പക്ഷേ റീലീസ് തിയതി അടുത്തതോടെ ഭയമായി. ഈ നെഗറ്റീവ് കഥാപാത്രം ഇനിയുളള സിനിമാ ജീവിതത്തെ ബാധിക്കുമോ എന്നതായിരുന്നു േപടി. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുളള പ്രശംസയാണ് തനിക്ക് ലഭിച്ചതെന്നും' രുക്മിണി പറയുന്നു. സ്ത്രീകള്‍ക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് തനിക്ക് വലിയ പ്രചോദനമായെന്നും രുഗ്മിണി കൂട്ടിച്ചേർത്തു. അതേസമയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനായെത്തുന്ന ടോക്സിക് ആണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.