കാന്താര ചാപ്റ്റര്‍ വണ്‍ ബോക്സ് ഓഫീസില്‍ താണ്ഡവം സൃഷ്ടിച്ച് മുന്നേറുന്നതിനിടെ ഒരു ഋഷഭ് ആരാധകന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി കുതിക്കുകയാണ്. ഋഷഭുമായി നടത്തുന്ന അഭിമുഖത്തിനിടെയാണ് ആരാധകന്‍ കൂടിയായ അവതാരകന്‍ തന്റെ ആരാധന വ്യക്തമാക്കുന്നത്. താരത്തോട് ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ആലിംഗനം നടത്തുന്നതും കാലില്‍ വീഴുന്നതും വിഡിയോയിലുണ്ട്.
താന്‍ പോലും പ്രതീക്ഷിക്കാത്ത അവതാരകന്റെ ചെയ്തികണ്ട് താരം അമ്പരന്ന് ഇയാളെ എഴുന്നേല്‍പ്പിക്കുന്നതും പിന്നാലെ നന്ദി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. കാന്താര കണ്ട് നിശബ്ദനായിപ്പോയെന്നും പറയാന്‍ വാക്കുകളില്ലെന്നും അവതാരകന്‍ പറയുന്നു. തന്റെ ഗേള്‍ഫ്രണ്ട്സിനേക്കാള്‍ ഇഷ്ടം തോന്നുന്നത് ഋഷഭ് ഷെട്ടിയോടാണെന്നും ഇയാള്‍ പറയുന്നു. ചിരിച്ചുകൊണ്ടാണ് താരം ഇതിനെല്ലാം മറുപടി നല്‍കുന്നത്.
തിയറ്ററുകളെ ഇളക്കിമറിച്ചാണ് കാന്താര മുന്നേറുന്നത്. കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയമാണ് ഋഷഭ് ഒരുക്കിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നീതി പുലര്‍ത്തുന്ന മിത്തും സസ്പെന്‍സും ക്ലൈമാക്സും കാന്താരയെ സിനിമാചരിത്രത്തിലേക്കെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഋഷഭ് ഷെട്ടിയെന്ന കലാകാരന്റെ കഴിവും ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും ബോധ്യപ്പെടുത്തുന്നവയാണ് ഓരോ രംഗങ്ങളും.
ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവന്നു. വേള്‍ഡ് വൈഡ് നേട്ടം 362 കോടിയാണ്.