റീല്‍ എന്നാല്‍ ഇന്നര്‍ഥം വേറെയാണ് . ആ വാക്ക് സിനിമയുമായി അകന്നകന്നുപോകുകയാണ് കാലംചെല്ലുന്തോറും. റീല്‍ ഇല്ലാത്ത സിനിമയുടെ ഏറ്റവുംപുതിയ കാഴ്ചകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ്ചയിക്കുന്ന വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ . 2024– ല്‍ മലയാള സിനിമ തിരിഞ്ഞ വഴികളും ആ വഴികളിലെ ചുവരെഴുത്തുകളും ജൂറിക്കുമുന്നില്‍ തെളിയുകയാണ്. വിവിധ വിഭാഗങ്ങളില്‍ പുരസ്കാരത്തിനായി രംഗത്തുള്ള ചില ചിത്രങ്ങളുടെ സവിശേഷതകള്‍ മാത്രം പറയാം. മമ്മൂട്ടിയുടെ ഇതുവരെകണ്ടിട്ടില്ലാത്ത ഭാവം കണ്ട ഭ്രമയുഗം, 200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കോളജ് ക്യാംപസുകളിലെ ട്രന്‍റ് സെറ്ററായ പ്രേമലു,, ക്രൂരത കടന്നുപോയെന്ന വിമര്‍ശനം കേട്ട മാര്‍ക്കോ, ഐ.എഫ്.എഫ് കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ , ത്രിമാന ചിത്രങ്ങളായ എ.ആര്‍.എം, ബറോസ് അങ്ങനെ കാഴ്ചവൈപുല്യം ജൂറിക്ക് മുന്നില്‍ ഒഴുകുകയാണ്
തുടരെ മൂന്നാംവര്‍ഷവും സാന്നിധ്യമറിയിച്ച് മമ്മൂട്ടി
കഴിഞ്ഞരണ്ടുവര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും മമ്മൂട്ടി മികച്ച നടനാവാന്‍ മല്‍സരരംഗത്തുണ്ട് . ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിക്ക്, മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ല. കറുപ്പിലും വെളുപ്പിലുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഭ്രമയുഗം വിധികര്‍ത്താക്കള്‍ എങ്ങനെ സ്വീകരിക്കും ? മമ്മൂട്ടിയുടെ തന്നെ ടര്‍ബോ എന്ന ചിത്രവും ചലച്ചിത്ര പുരസ്കാരത്തിന് പങ്കെടുക്കുന്ന ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ഒരേ വര്‍ഷം തന്നെ ഒരു നടന്‍റെ വ്യത്യസ്ത കഥാപാത്രങ്ങള്‍ മുന്‍പ് ജൂറി പരിഗണിച്ചിട്ടുണ്ട്. 2022 ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജയിംസ് സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി മിന്നിമാറിയപ്പോള്‍ സംസ്ഥാന പുരസ്കാരം തേടിയെത്തി. 2023 ല്‍ മമ്മൂട്ടി അവതരിപ്പിച്ച, കാതല്‍ ദ് കോറിലെ മാത്യൂ ദേവസ്സിയും കണ്ണൂര്‍സ്ക്വാഡിലെ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും ജൂറിയുടെ ശ്രദ്ധനേടിയതാണ്. എന്നാല്‍ അവസാന വട്ടം ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ച പൃഥ്വിരാജിനായിരുന്നു പുരസ്കാരം.
ഇത്തവണ മമ്മൂട്ടിയെപ്പോലെ തന്നെ പ്രേക്ഷകര്‍ ശ്രദ്ധിച്ച ഒരുപിടി നടന്മാര്‍ മല്‍സര രംത്തുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവനാണ് ഇതില്‍ മുന്നില്‍. ഇതില്‍ തന്നെ അപ്പുപിള്ളയുടെ മകന്‍ അജയ് ചന്ദ്രനെ അവതരിപ്പിച്ച ആസിഫ് അലിയും മികച്ച നടനാകാന്‍ രംഗത്തുണ്ട്. ആസിഫ് അലി, രേഖാചിത്രത്തില്‍ അവതരിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിവേക് ഗോപിനാഥ് ജൂറിക്ക് മുന്നില്‍വരും. ആവേശത്തിലെ രങ്കണ്ണനെ അങ്ങനെ അവഗണിക്കാന്‍ പറ്റുമോ? ഫഹദ് ഫാസില്‍ അവതരിപ്പിച്ച രഞ്ജിത് ഗംഗാധരന്‍ അഥവാ രംഗ എന്ന ഗാംങ് ലീഡറായി ഫഹദ് ഉറഞ്ഞുതുള്ളുകയായിരുന്നല്ലോ? എ.ആര്‍.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസിനെയും ജൂറിക്ക് അവഗണിക്കാനാകില്ല. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു , എന്നീ വേഷങ്ങള്‍ ടൊവീനോ ഏറെ അധ്വാനിച്ച് അവതരിപ്പിച്ചതാണ്.
നടിമാരാകാനും മത്സരം
നടിമാരുടെ കാര്യത്തിലും കടുത്ത മല്‍സരം കാണാം. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയെ അവതരിപ്പിച്ച കനി കുസൃതി, രേഖാചിത്രത്തിലെ രേഖാ പത്രോസിനെ അവതരിപ്പിച്ച അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ റീതു എന്ന എസ്തര്‍ ഇമ്മാനുവലായി മാറിയ ജ്യോതിര്‍മയി, എ.ആര്‍.എമ്മില്‍ മണിയന്‍റെ ഭാര്യയും അജയന്‍റെ മുത്തശ്ശിയുമായി വരുന്ന മാണിക്യത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസ എന്നിവരൊക്കെ മികച്ച നടിമാരാകാന്‍ യോഗ്യതയുള്ളരാണ്. സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമിനെയും പരിഗണിക്കേണ്ടിവരും.
ഇരുനൂറുകോടി ക്ലബ്ബില്‍കടന്നതും പുറത്തുകടക്കാത്തതുമായ 128 ചിത്രങ്ങള്‍
പ്രേക്ഷകര്‍ കണ്ടതും ഇരുനൂറുകോടി ക്ലബില്‍ കടന്നതുമായ ചിത്രങ്ങളും ഇത്തവണ മല്‍സരത്തിനുണ്ട്.മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തില്‍ ആദ്യമായി ഇരുനൂറുകോടി കടന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഇപ്പോഴത്തെ തിളങ്ങുംതാരം നസ്ലിന്‍ നായകനായ പ്രേമലു എന്ന പണംവാരിപ്പടം, തീയറ്ററുകളിലെ ആവേശമായ ആവേശം, ത്രീ ഡി ചിത്രം എ.ആര്‍.എം, ബോഗെയ്ന്‍ വില്ല, രേഖാചിത്രം, കിഷ്‌കിന്ധാകാണ്ഡം, ഭ്രമയുഗം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍, മമ്മൂട്ടിയുടെ ടര്‍ബോ, പായല്‍ കപാഡിയ ഒരുക്കിയ രാജ്യാന്തര ശ്രദ്ധനേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം വിവിധ വിഭാഗങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടാം.
നവാഗത സംവിധായകനാകാന്‍ ലാലേട്ടനും !
ഈ സിനിമകളെല്ലാംതന്നെ പുതുതലമുറയുടെ ചിന്തകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. വിവിധ പുരസ്കാരങ്ങള്‍ക്കായി അപേക്ഷ നല്‍കിയ 128 ചിത്രങ്ങളില്‍ 53 എണ്ണവും നവാഗത സംവിധായകരുടേതാണ്. ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറവാണെന്നും കാണാം. കഴിഞ്ഞവര്‍ഷം വന്ന 160 ചിത്രങ്ങളില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു. ഇനി രസകരമായൊരുകാര്യം പറയട്ടെ ...നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിമാന ചിത്രം. സംവിധായകന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ !. രണ്ട്- പണി. സംവിധായകനാകട്ടെ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.
പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രകാശ് രാജ് ശക്തമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. വിശേഷിച്ച് മലയാളികള്‍ക്കിടയില്‍. അതിനുമുമ്പുതന്നെ ഇരുവര്‍ എന്ന മണിരത്നം ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം തകര്‍ത്തഭിനയിച്ച പ്രകാശ് രാജ് മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരനായിരുന്നു. എം.ജി.ആര്‍ ആയി ലാലും കരുണാനിധിയായി പ്രകാശും വാസ്തവത്തില്‍ ആ രണ്ടുചരിത്ര വ്യക്തിത്വങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌കാരം 2011ല്‍ 'പുട്ടക്കണ്ണ ഹൈവേ' എന്ന കന്നട ചിത്രത്തിലൂടെ നേടി. ഏഴ് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹം 2010ല്‍ സംവിധാനം ചെയ്ത കന്നട ചിത്രം 'നാനു നാന്ന കനസു' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളില്‍ അഭിനയിച്ചുവരുന്ന പ്രകാശ് രാജ് 31 വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെമാത്രമല്ല സാംസ്കാരിക രാഷ്ട്രീയ മേഖലകളിലും സജീവസാന്നിധ്യമാണ്.
പ്രാഥമിക ജൂറി
പതിവുപോലെ പ്രാഥമിക ജൂറിയാണ് രണ്ട് സമിതികളായി പിരിഞ്ഞ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക.
സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, രണ്ടാംഭാവം, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍,രക്ഷാധികാരി ബൈജു ഒപ്പ്, ഒ.ബേബി എന്നീ സിനിമകളുടെ സംവിധായകനുമാണ് രഞജ്ന്‍ പ്രമോദ്. 'രക്ഷാധികാരി ബൈജു ഒപ്പ്' 2017ല്‍ കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 'ഒ.ബേബി' ഐ.എഫ്.എഫ്.കെ മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2017ലെ ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് മികച്ച അഭിനയത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിക്കെടുത്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിബു ജേക്കബ് 22 സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
ആദ്യമായി ഒരു ട്രാന്‍സ്‌പേഴ്സണ്‍ അവാര്‍ഡ് ജൂറിയില്‍
ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക ചരിത്രം കുറിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറിയില്‍ ആദ്യമായി അംഗമായ ട്രാന്‍സ്‌പേഴ്സണ്‍ ആയി വിജയരാജ മല്ലിക. ഒപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി രാജനാരായണന്‍, സംവിധായകന്‍ വി.സി അഭിലാഷ്, ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ നൈപുണ്യവികസനപരിപാടിയായ ബെര്‍ലിനാലെ ടാലന്‍റ് സില്‍ തെരഞ്ഞെടുക്കപ്പെട്ട, സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹ്യുബെര്‍ട്ട് ബാല്‍സ് സ്ക്രിപ്റ്റ് ഡെവലപ്മെന്‍റ് അവാര്‍ഡ് ജേതാവും ‘ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍’ എന്ന ഹിന്ദി ചിത്രത്തിന്‍റെ സംവിധായകനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
അന്തിമ ജൂറി
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളായിരിക്കും.
നാലര പതിറ്റാണ്ടുകാലമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി 1991. 1995, 2002 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 2013ല്‍ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി. ഗായത്രി അരയന്നങ്ങളുടെ വീട്, സസ്‌നേഹം സുമിത്ര എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ നിതിന്‍ ലൂക്കോസ് ഹിന്ദി, ഇംഗ്‌ളീഷ്, തെലുങ്ക്, മലയാളം, കന്നട, ഭൂട്ടാന്‍ സിനിമകള്‍ക്കുവേണ്ടി ശബ്ദ രൂപകല്‍പന ചെയ്തു. ടൊറന്‍റോ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട 'പക' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, ലൊകാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് എന്നിവ നേടിയ 'തിഥി' എന്ന കന്നട ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറായ നിതിന്‍, ഹോളിവുഡ് സംവിധായകരായ ജൂലി ടെയ്‌മോറിന്‍റെയും ബെന്നറ്റ് മില്ലറിന്‍റെയും ചിത്രങ്ങള്‍ക്ക് ശബ്ദരൂപകല്‍പ്പന നിര്‍വഹിച്ചു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ആണ്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ.ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് അംഗങ്ങള്‍.