Image Credit : X (Twitter)
കാനഡയില്‍ തെന്നിന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്ററിന് തീയിട്ട് അക്രമികള്‍. ഒന്‍റാരിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ് അക്രമികള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. തീ ആളിപ്പടരാതിരുന്നത് ആളപായം ഒഴിവാക്കി. തെന്നിന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരാഴ്ച്ചക്കിടെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ തിയറ്ററിന്‍റെ പ്രവേശനകവാടത്തിന് നേരെയും വെടിവെയ്പ്പുണ്ടായതായി ഹാൽട്ടൺ റീജിയണൽ പൊലീസ് പറയുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം താല്‍ക്കാലികമായി നിർത്തിവച്ചതായി ഫിലിം സിനിമാസ് അറിയിച്ചു.
റിഷഭ് ഷെട്ടി നായകനായെത്തിയ കാന്താര – എ ലെജന്‍ഡ്- ചാപ്റ്റര്‍ 1, പവന്‍ കല്യാണ്‍ ചിത്രം ദെയ് കോള്‍ ഹിം ഓജി എന്നീ ചിത്രങ്ങളാണ് സുരക്ഷാഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി പ്രദര്‍ശനം നിര്‍ത്തിവച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയറ്ററിന് നേരെ തീവെപ്പും വെടിവെപ്പും ഉണ്ടായതെന്നാണ് തിയറ്റർ ഉടമകളുടെ വാദം. എന്നാല്‍ ആക്രമണത്തിന്‍റെ യഥാര്‍ത്ഥ കാരണം അതുതന്നെയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബർ 25നാണ് ആദ്യത്തെ സംഭവം നടന്നത്. അജ്ഞാതരായ രണ്ടുപേര്‍ തിയറ്ററിന് മുന്നിലെത്തി പ്രവേശനകവാടത്തില്‍ തീവെച്ചു. ഈ സമയത്ത് പവന്‍ കല്യാണ്‍ ചിത്രമാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്.
സംഭവത്തിന് ഒരാഴ്ച്ചക്കിപ്പുറമാണ് വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളുടെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. താല്‍ക്കാലികമായാണ് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചതെന്നും ഉടനടി പുനരാരംഭിക്കുമെന്നും ഫിലിം സിനിമാസ് സിഇഒ ജെഫ് നോള്‍ അറിയിച്ചു. അതേസമയം കാനഡയിലേക്കുളള ഇന്ത്യന്‍ കുടിയേറ്റത്തിനുളള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും വാര്‍ത്തളുണ്ട്.