TOPICS COVERED

സൈബര്‍ ഇടത്തെ ചൂഷണം വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഓണ്‍ലൈന്‍ ഗെയിമിനിടെ മകളോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തുറന്നു പറച്ചില്‍. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണെന്നും മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണെന്നും താരം പറഞ്ഞു. 

അക്ഷയ് കുമാറിന്‍റെ വാക്കുകള്‍: 'മാസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വിഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വിഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും. നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. 

മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസ്സേജ് വന്നു, 'നിങ്ങൾ ആണാണോ പെണ്ണാണോ?' എന്നായിരുന്നു അത്. അവൾ 'പെണ്ണ്' എന്ന് മറുപടി നൽകി. തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു: 'നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ?' എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു.

ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്.

ENGLISH SUMMARY:

Cybercrime awareness is crucial in today's digital age. Bollywood actor Akshay Kumar reveals online exploitation and advocates for cybersecurity education in schools to protect children from cyber threats.