താൻ കടന്നുപോകുന്ന രോഗാവസ്ഥ വെളിപ്പെടുത്തി തമിഴ് സൂപ്പർതാരം അജിത്. നാല് മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ഉറങ്ങാൻ കഴിയാറില്ലെന്നും താരം പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുറച്ചു മാത്രമെ വിശ്രമിക്കാന്‍ കഴിയുകയുള്ളൂ. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.
'സിനിമകളോ സീരീസുകളോ കാണാൻ ഒട്ടും സമയമില്ല. വിമാനയാത്രക്കിടയിൽ മാത്രമാണ് ഉറങ്ങാൻ സമയം കിട്ടുന്നത്, അതിലുപരി ഉറക്കമില്ലായ്മയുണ്ട്. ഉറങ്ങാൻ കിടന്നാൽ എനിക്ക് പെട്ടെന്ന് ഉറക്കം വരാൻ ബുദ്ധിമുട്ടാണ്, വന്നാൽ തന്നെ പരമാവധി നാലു മണിക്കൂർ മാത്രമാണ് ഉറങ്ങാൻ കഴിയാറ്' അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങൾക്ക് പിന്നാലെ പായുമ്പോൾ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലമെന്നും താരം വ്യക്തമാക്കി.
ശരിയായ കൈകളിലാണെങ്കില്‍ സോഷ്യൽ മീഡിയ മികച്ച ഉപകരണമാണെന്നും അജിത് പറഞ്ഞു. രാജ്യാന്തര പ്രേക്ഷകര്‍ ഇന്ത്യൻ സിനിമകളും സീരീസുകളും കണ്ടു തുടങ്ങണം. കൊറിയൻ ചലച്ചിത്ര പ്രവർത്തകർ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. കൊറിയൻ സിനിമകള്‍ കണ്ടതിലൂടെ കൊറിയൻ ഭാഷ പഠിച്ച സുഹൃത്തുകളെ എനിക്കറിയാം എന്നും അജിത് പറഞ്ഞു.