രോഗത്തെയും വേദനകളെയും തോൽപ്പിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് തിരക്കിൽ. ഹൈദരാബാദിൽ മഹേഷ് നാരായണൻ സിനിമയുടെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു. വിഷുവിന് തീയേറ്ററുകൾ ലക്ഷ്യമിട്ടുള്ള സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
ലോകവും കേരളവും കാത്തിരുന്നത് ഈ നിമിഷങ്ങൾക്കായിരുന്നു. മുണ്ടുടുത്ത് വെള്ളയിൽ പുള്ളികളുള്ള ഷർട്ടിൽ മാസ് എൻട്രി. പിന്നെ ജീവിതത്തിൽ പ്രയാസം നേരിടുന്നവർക്കെല്ലാം പ്രചോദനമാകുന്ന ക്യാൻസർ പോരാളികൾക്ക് ഊർജ്ജം നിറക്കുന്ന വാക്കുകൾ.
കഴിഞ്ഞ ഏഴു മാസമായി മലയാളികൾ കാണിച്ച സ്നേഹപ്രകടനങ്ങൾക്ക് അദ്ദേഹം കൈകൂപ്പി നന്ദി പറഞ്ഞു. ‘‘പ്രാർത്ഥനകൾ എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. സ്നേഹത്തിന്റെ പ്രാർത്ഥനകളല്ലേ, അത് ഫലം കിട്ടും എന്ന് തന്നെയാണ് ഇതിന് തെളിവ്. ഇതെന്റെ ജോലിയാണ്, ഇഷ്ടപ്പെട്ട ഇടത്തേക്കാണല്ലോ മടങ്ങിവന്നിരിക്കുന്നത് ’’എന്ന് അദ്ദേഹം പ്രതികരിച്ചു.
സംവിധായകൻ മഹേഷ് നാരായണന്റെ നേതൃത്വത്തിൽ സെറ്റിൽ മമ്മൂട്ടിയെ സ്വീകരിച്ചു. എല്ലാവരോടും കുശലം പറഞ്ഞ് ചുറ്റും ഊർജ്ജം പ്രസരിപ്പിച്ച് മേക്കപ്പിനായി കാരവാനിലേക്ക്. വൈകാതെ സിനിമയുടെ തിരക്കിലേക്ക് മെഗാസ്റ്റാർ കടന്നു. സെറ്റിൽ എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയും സന്തോഷവും.
നിർമ്മാതാവ് ആന്റോ ജോസഫിന്റയടക്കം ആളുകളുടെ വാക്കുകൾ സന്തോഷത്താൽ ഇടറി. തെലങ്കാന ആർ.ടി.സി. ആസ്ഥാനത്താണ് ആദ്യ മൂന്ന് ദിവസത്തെ ഷൂട്ട്. മുഖ്യമായും മമ്മൂട്ടിയുടെ സീനുകളാണ് ചിത്രീകരിക്കുന്നത്. തുടർന്ന് കുഞ്ചാക്കോ ബോബനടക്കമുള്ളവർ ഷൂട്ടിൽ കൂടെ ചേരും.
മമ്മൂട്ടി, മോഹൻലാൽ, നയൻതാര എന്നിവർ ഒന്നിക്കുന്ന കോംബോ സീനുകൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. ഈ ബിഗ് ബജറ്റ് ചിത്രം 2026 വിഷുവിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മമ്മൂട്ടിയും മോഹൻലാലും നയൻതാരയും ഒന്നിച്ചുള്ള പ്രധാന രംഗങ്ങൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിൽ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.
ഹൈദരാബാദിലെ ഷെഡ്യൂളിന് ശേഷം സിനിമയുടെ ചിത്രീകരണം യുകെയിലേക്ക് മാറും. സിനിമയുടെ ചിത്രീകരണം നേരത്തെ 50 ദിവസത്തോളം പുരോഗമിച്ചിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് ചികിത്സയ്ക്കും വിശ്രമത്തിനുമായി മാറി നിന്നത്. ഇപ്പോൾ സിനിമയുടെ തുടർച്ചയായ ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്.