കാളിദാസ് ജയറാം എന്ന താരപുത്രന്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത് കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ്. ജയറാമിന്‍റെ മകനായി തന്നെയാണ് കാളിദാസ് ചിത്രത്തില്‍ വേഷമിട്ടത്. അച്ചു എന്ന കാളിദാസിന്‍റെ കഥാപാത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ അച്ചുവായി അഭിനയിക്കേണ്ടിയിരുന്നത് കാളിദാസ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.
ചിത്രത്തിനായി കാസ്റ്റ് ചെയ്തിരുന്ന കുട്ടിക്ക് അസുഖം ബാധിച്ചതിനാല്‍ അഭിനയിക്കാനായില്ല. പീന്നിട് പല കുട്ടികളെയും കൊണ്ടുവന്നിരുന്നെങ്കിലും ശരിയായില്ലെന്നും ഒടുവില്‍ സത്യന്‍ അന്തിക്കാടിന്‍റെ നിര്‍ദേശപ്രകാരമാണ് കാളിദാസിനെ കാസ്റ്റ് ചെയ്യുകയായിരുന്നെന്നുമാണ് ജയറാം വ്യക്തമാക്കിയത്. മഴവില്‍ മനോരമയുടെ പിക്ചര്‍ പെര്‍ഫെക്ട് എന്ന പരിപാടിക്കിടയിലായിരുന്നു വെളിപ്പെടുത്തല്‍.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പുവിന്‍റെയും എന്നീ ചിത്രങ്ങളാണ് കുഞ്ഞു കാളിദാസിനൊപ്പം ജയറാം അഭിനയിച്ചത്. ഇതിന് ശേഷം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത് ആശകള്‍ ആയിരം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രവും തങ്ങളിലേക്ക് എത്തുന്നതും അവിചാരിതമായി ആയിരുന്നെന്നും ജയറാം പറഞ്ഞു.