മലയാളത്തിലെ പ്രമുഖ നിര്‍മാതാവാണ് സന്തോഷ്. ടി.കുരുവിള. ഇപ്പോഴിതാ തന്‍റെ പരാജയപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സൂപ്പര്‍ സ്റ്റാറുകള്‍ നായകന്‍മാരായ ചിത്രങ്ങളുടെ പരാജയത്തെക്കുറിച്ചും സന്തോഷ് സംസാരിക്കുന്നുണ്ട്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ്. ടി. കുരുവിള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2018 മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ നീരാളി എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് റിലീസ് ചെയ്തതെങ്കിലും ചിത്രം പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്. മുംബൈയില്‍ വെച്ച് നടന്ന പ്രിവ്യൂ ഷോ കണ്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് അത് മനസിലായി. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര പോലും ചിത്രം കണ്ടയുടനെ ഈ സിനിമ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് തന്നോട് പറഞ്ഞെന്നും സന്തോഷ് വെളിപ്പെടുത്തി.
ആഷിക്ക് അബുവിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം സിനിമ കാലഘട്ടത്തിന് മുന്‍പേ സഞ്ചരിച്ചതാണെന്നും ഇന്നാണ് ആ സിനിമ ഇറങ്ങിയതെങ്കില്‍ വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമ പരാജയപ്പെടുമെന്ന് മനസിലാക്കിയ റീമയും ആഷിഖും താനും നേരിട്ട് ആന്‍റണി പെരുമ്പാവൂരിനെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നെന്നും സന്തോഷ് പറഞ്ഞു.