Image Credit : Facebook
ഗായകന്‍ ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പാണ് കഴിഞ്ഞ ദിവസം ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്തായി മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്‍റെ ജന്മദിനാശംസകൾ എന്നുപറഞ്ഞുകൊണ്ടാണ് ജന്മദിനാശംസാക്കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ALSO READ: ‘മകളായ ഞാന്‍ പോലും ഞെട്ടി’; മറുപടിയുമായി മധുവിന്‍റെ മകള്‍
ജി വേണുഗോപാലിന്‍റെ ഈ കുറിപ്പിനെതിരെയാണ് പരസ്യപ്രതികരണമെന്നോണം മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. 'വലിയ കൂട്ടൂ കുടുംബത്തിന്‍റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്‍റെ പോസ്റ്റിൽ ഉണ്ടെന്നും' ശ്രീകുമാരന്‍ തമ്പി പറയുന്നു. വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു . മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്‍റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ എന്നും ശ്രീകുമാരന്‍ തമ്പി തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.