Image Credit: instagram/poojakannan
സൂപ്പര്‍താരം സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. സഹോദരി പൂജയ്ക്കൊപ്പം ബീച്ചില്‍ സ്വിം സ്യൂട്ടില്‍ താരം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും പരിഹാസവും നിറഞ്ഞത്. 'രാമായണ'യില്‍ സീതയായി വേഷമിടുന്ന സായി പല്ലവിയെ സാരിയില്‍ അല്ലാതെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും സീതാദേവി ഇങ്ങനെ അല്‍പവസ്ത്രധാരിയല്ലെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനാണ് ഇരുവരുമൊത്തുള്ള സന്തോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രത്തില്‍ സായ് ചിരിച്ച് ഉല്ലസിച്ച് ഇരിക്കുന്നതായി കാണാം. ചിത്രം വൈറലായതിന് പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം മോശം കമന്‍റുകളുമായി എത്തുകയായിരുന്നു. എന്നാല്‍ ഇത്തരം കമന്‍റുകളുടെ ചുവടെ തന്നെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സാരി ധരിക്കുമ്പോള്‍ നല്ല പെണ്‍കുട്ടിയും ബിക്കിനി ധരിക്കുമ്പോള്‍ മോശക്കാരിയുമാകുന്നതിന്‍റെ ലോജിക് എന്താണ് എന്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്കും സ്വകാര്യ ജീവിതമുണ്ടെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. സായ് പല്ലവിയെ ദേവിയെ പോലെയാണ് താന്‍ കണ്ടതെന്നും എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മറ്റൊരാളുടെ കമന്‍റ്.
പലപ്പോഴും മിനിമല്‍ മേക്കപ്പിലും മേക്കപ്പില്ലാതെയുമാണ് സായ് പല്ലവി പ്രത്യക്ഷപ്പെടാറുള്ളത്. ജോര്‍ജിയയില്‍ വച്ച് കളിച്ച ടാങ്കോ നൃത്തത്തില്‍ താന്‍ ധരിച്ച സ്ലിറ്റുള്ള വസ്ത്രത്തെ ചൊല്ലി ആളുകള്‍ കമന്‍റടിച്ചത് തന്നെ അസ്വസ്ഥയായാക്കിയിട്ടുണ്ടെന്നും ആളുകളെ കേവലം വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും ചുരുക്കുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവര്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ സായ് പല്ലവി പൊതുവേ പ്രത്യക്ഷപ്പെടാറില്ല. തനിക്ക് സ്ക്രീനില്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രത്തില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.