ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം ഹൈപ്പ് ഉള്ള ചിത്രങ്ങളിലൊന്നാണ് നിതേഷ് തിവാരിയുടെ 'രാമായണ'. രണ്‍ബീര്‍ കപൂര്‍ രാമനാവുമ്പോള്‍ സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് അഭിനയിക്കുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് അധികം വൈകാതെ സായ് പല്ലവിക്ക് നേരെ സൈബര്‍ അധിക്ഷേപം വന്നിരുന്നു. സീതയുടെ റോളിന് സായ് അനുയോജ്യയല്ലെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.
ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ന്നിരിക്കുകയാണ്. സിനിമയിലേതെന്ന പേരില്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ രണ്‍ബീറിന്‍റേയും സായ് പല്ലവിയുടേയും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് വീണ്ടും സായിയെ സീതയുടെ റോളില്‍ നിന്നും മാറ്റണം എന്ന ആവശ്യവുമായി ചില പോസ്റ്റുകള്‍ വന്നത്. സീത അതീവ സുന്ദരിയാണെന്നും ആ വേഷത്തിന് യോജിച്ച സൗന്ദര്യം സായ് പല്ലവിക്കില്ലെന്നുമാണ് ഇവരുടെ വാദം. പകരം മൃണാള്‍ താക്കൂറിനേയും കൃതി സനനേയും കൃതി ഷെട്ടിയേയുമൊക്കെ പലരും ഉയര്‍ത്തി കാണിക്കുന്നുണ്ട്.
'സീത റോളിൽ സായ് പല്ലവി മിസ്സ് കാസ്റ്റ് ആണെന്ന് പറയാതെ വയ്യ. നമ്മൾ വായിച്ചും കേട്ടും അറിഞ്ഞുള്ള സീത അതി സുന്ദരിയും ഭയങ്കര ഗ്രേസും ഉള്ള സ്ത്രീയാണ്. അപ്പോള്‍ ആ റോളിൽ അതിനു മാച്ച് ആവുന്ന ഒരു നടിയെ വേണമായിരുന്നു സെലക്ട് ചെയ്യാൻ,' ഒരു കുറിപ്പില്‍ പറയുന്നു.
അതേസമയം ഇന്ന് പ്രചരിക്കുന്ന ചിത്രങ്ങള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് എഐ ജനറേറ്റഡ് ചിത്രങ്ങളാണ്. 2015-16 വരെ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന സിയ കേ രാം എന്ന സീരിയലിലേതാണിത്. ഇതാണ് എഐ ഉപയോഗിച്ച് രണ്‍ബീറും സായ് പല്ലവിയമാക്കി മാറ്റിയത്.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് ഈ ബ്രഹ്മാണ്ട സിനിമയൊരുങ്ങുന്നത്. രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം. ഐ മാക്സിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുക.