നടന വിസ്മത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി..ചലച്ചിത്ര രംഗത്ത് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ദാദാഹേബ് ഫാല്‍ക്കെ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ മഹാ നടന്‍. അടൂർ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്കാരം നേടുന്ന മലയാളി താരമാണ് മോഹൻലാൽ. 2023-ലെ ഫാൽക്കെ പുരസ്കാരമാണ് അദ്ദേഹത്തിന്റെ 48 വർഷം നീണ്ട അഭിനയ ജീവിതത്തിലെ സമഗ്ര സംഭാവനകൾക്ക് ലഭിച്ചിരിക്കുന്നത്. അഭിനയത്തിന്റെ രസതന്ത്രങ്ങളെല്ലാം ആവാഹിച്ച് കിരീടവും ചെങ്കോലുമായി മലയാളത്തിന്റെ നാട്ടുരാജാവായി യാത്ര തുടരുകയാണ് ആ അതുല്യ പ്രതിഭ.
വിരലുകളിലൂടെ പോലും ഭാവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്ന മഹാനടനാണ് മോഹൻലാൽ. തന്റേതായ അഭിനയ ശൈലിയിലൂടെ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത ഒരിടമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. ലോകസിനിമയില്‍ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടികയില്‍ പത്തിനുള്ളിലാണ് മോഹന്‍ലാലിന്റെ സ്ഥാനം
48 വര്‍ഷം അതായത് ഏകദേശം നാലരപതിറ്റാണ്ടായി മോഹന്‍ലാലിന്റെ സിനിമാമാജീവിതം തുടങ്ങിയിട്ട്. ഇതിനിടയില്‍ അദ്ദേഹം നടത്തിയ വേഷപ്പകര്‍ച്ചകള്‍ ചെറുതല്ല. 'ബോയിങ് ബോയിങ്' എന്ന സിനിമയിലൂടെ ചിരിപ്പിച്ച കഥാപാത്രത്തിൽ നിന്ന്, പവിത്രത്തിലെ ചേട്ടച്ഛനായി ഒരു നിമിഷം കൊണ്ട് പ്രേക്ഷകരുടെ കണ്ണുനനയിച്ചു. താളവട്ടത്തിലെ വിനുവും വന്ദനത്തിലെ ഉണ്ണികൃഷ്ണനും നിസ്സഹായതയുടെ ആഴങ്ങൾ പ്രേക്ഷകരെ അനുഭവിപ്പിച്ചു. തന്മാത്രയിലെ രമേശൻ എന്ന കഥാപാത്രത്തിൻ്റെ വേദന ഒരുപക്ഷേ വീണ്ടും കാണാൻ പോലും പലർക്കും കഴിഞ്ഞിട്ടുണ്ടാവില്ല.
മംഗലശ്ശേരി നീലകണ്ഠൻ എന്ന കരുത്തനായ കഥാപാത്രത്തെയും ആറാം തമ്പുരാനിലെ ജഗന്നാഥനെയും അവതരിപ്പിച്ച മോഹൻലാൽ അടുത്തിടെ ഒരു ജ്വല്ലറി പരസ്യത്തിൽ സ്ത്രൈണ ഭാവങ്ങൾ പൂര്‍ണ്ണമായും ഉൾക്കൊണ്ട കഥാപാത്രത്തെ അവതരിപ്പിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടുകളെ തന്നെ പൊളിച്ചെഴുതി. മലയാളത്തിന്റെ ദി കംപ്ലീറ്റ് ആക്ടര്‍ ആണ് മോഹന്‍ലാല്‍. തന്റെ എല്ലാ വിജയങ്ങളെയും പരാജയങ്ങളെയും ബഹുമതികളേയും ഒരു ചിരിയോടെ മാത്രം ഏറ്റുവാങ്ങുന്ന കലാകാരന്‍.
മോഹന്‍ലാല്‍ എന്ന കലാകാരൻ വെള്ളം പോലെയാണെന്ന് പല സംവിധായകരും പറയാറുണ്ട്. ഏത് പാത്രത്തിലൊഴിക്കുന്നോ ആ രൂപം പ്രാപിക്കാൻ കഴിവുള്ള നടൻ. അദ്ദേഹത്തിന്റെ ചമ്മലും, കള്ളച്ചിരിയുമെല്ലാം സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കാൻ മോഹൻലാലിന് പ്രത്യേക കഴിവുണ്ട്.
48 വർഷം ഒരുപോലെ ജനപ്രിയനായി സിനിമാരംഗത്ത് നിലനിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയില്‍ ചെരിഞ്ഞ തോളുമായി എത്തിയ ആ മഹനടന്‍ പില്‍ക്കാലത്ത് മലയാള സിനിമയെത്തന്നെ ആ തോളികളില്‍വഹിക്കാന്‍ തുടങ്ങി. സിനിമയില്‍ വില്ലനായി തുടങ്ങിയ അദ്ദേഹത്തിന്റെ യാത്ര, പിന്നീട് എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൂടെ നമ്മൾ കണ്ടു. ഈ മാസം 23, ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും മലാളത്തിന്റെ സ്വന്തം മമ്മക്കയും തുടങ്ങി നിരവധി ആളുകളാണ് മോഹന്‍ലാലിന് ആശംസയുമായി എത്തിയത്.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ മോഹൻലാൽ എന്ന പേര് കൂടുതൽ തിളക്കത്തോടെ ഇനി എഴുതപ്പെടും. മലയാളികളുടെ പ്രീയപ്പെട്ട ലാലായി.. ലാലേട്ടനായി ഇനിയും മോഹന്‍ലാല്‍ തുടരും