ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാന്താര: എ ലെജൻഡ് ചാപ്റ്റർ 1ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസാണ്. ഋഷഭ് ഷെട്ടിയോടൊപ്പം രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളത്തിന്‍റെ പ്രിയതാരം ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വൻ വിജയമായി മാറിയ 'കാന്താര'യുടെ പ്രീക്വലായാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകളിലും പുറത്തിറങ്ങുന്ന പ്രീക്വൽ 2025 ഒക്ടോബർ 02 ന് പ്രദർശനത്തിനെത്തും. ഋഷഭ് ഷെട്ടി ബെര്‍മ്മെ ആയും രുക്മിണി കനകവതിയുമായാണ് ചിത്രത്തിലെത്തുന്നത്.
ഏഴു ഭാഷകളില്‍ ഒരുമിച്ചായിരിക്കും സിനിമയുടെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസുമാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപും സംഗീതം ബി. അജനീഷ് ലോക്നാഥുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് നിര്‍മ്മാണം.
കന്നഡയില്‍ കാന്താര വന്‍വിജയമായശേഷം മറ്റു ഭാഷകളിലും ഇറക്കുകയായിരുന്നു. ആദ്യഭാഗത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.