ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍. മോഹൻലാലിന്റെ ഈ നേട്ടത്തിൽ ഒരു അത്ഭുതവുമില്ലെന്നും, അഭിനയം ജന്മസിദ്ധമായി ലഭിച്ച ഒരു വ്യക്തിക്ക് ലഭിക്കേണ്ട അംഗീകാരമാണിതെന്ന് സംവിധായകന്‍ ഫാസിൽ. നിർമ്മാതാവ്, സംവിധായകൻ എന്നീ നിലയിലുള്ള സംഭാവനകൾക്കല്ല, മറിച്ച് ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനേതാക്കളിൽ ഒരാളെന്ന നിലയിലുള്ള അംഗീകാരമാണിത് ഫാസില്‍ പറഞ്ഞു.
പുരസ്കാരം ലഭിക്കാൻ വൈകിയോ എന്ന ചോദ്യത്തിന്, "ദാദാസാഹേബ് ഫാൽക്കെ അവാർഡ് എന്നൊക്കെ പറയുന്നത് എന്നും മോഹൻലാലിന് ചുറ്റും നിൽക്കുന്ന ഒരു സാധനമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 10 വർഷം മുൻപ് ഈ അവാർഡ് നൽകിയിരുന്നെങ്കിലും താൻ ഇതേ അഭിപ്രായം തന്നെ പറയുമായിരുന്നു എന്നും ഫാസിൽ കൂട്ടിച്ചേർത്തു. മോഹൻലാൽ ഈ പുരസ്കാരം വല്ലാണ്ട് അർഹിക്കുന്നുണ്ട് എന്നും ഫാസിൽ പറഞ്ഞു.
മോഹൻലാലിൻ്റെ ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷമാണെന്ന് നടി ഉർവശി പറഞ്ഞു. പുരസ്കാര വാർത്ത കേട്ടപ്പോൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര സന്തോഷം ഹൃദയത്തിൽ നിറഞ്ഞെന്നും ഉർവശി കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച ഏതൊരു അവാർഡിനെക്കാളും വലിയ സന്തോഷമാണ് മോഹൻലാലിന് ഈ പുരസ്കാരം ലഭിച്ചപ്പോൾ ഉണ്ടായതെന്ന് നടി ഉർവശി മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ സിനിമാ പ്രേമികൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ തനിക്കും പങ്കെടുക്കാൻ കഴിയുമെങ്കിൽ അത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരിക്കുമെന്നും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞേക്കാമെന്നും ഉർവശി പറഞ്ഞു. നിലവിൽ ചെന്നൈയിൽ ഒരു ഷൂട്ടിംഗിന്റെ തിരക്കിലായതിനാൽ മോഹൻലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാൻ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ അദ്ദേഹത്തെ വിളിച്ച് സന്തോഷം അറിയിക്കുമെന്നും ഉർവശി വ്യക്തമാക്കി.
മോഹൻലാലിന് പുരസ്കാരം ലഭിക്കാൻ വൈകിയോ എന്ന ചോദ്യത്തിന്, ഈ പുരസ്കാരം കൃത്യമായ സമയത്താണ് അദ്ദേഹത്തെ തേടിയെത്തിയതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഉർവശി മറുപടി നൽകി. ഈ പ്രായത്തിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നുണ്ടെന്നും, ഈ സമയത്ത് ലഭിച്ച അംഗീകാരം കേരളത്തിലെ എല്ലാ പ്രേക്ഷകർക്കും സന്തോഷം നൽകുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.