Image Credit: Social Media

എഴുപത്തഞ്ചാം ജന്‍മദിനത്തിലും ചുറുചുറുക്കോടെ നൃത്തം വയ്ക്കുന്ന ശബാന ആസ്മിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സിനിമാലോകം. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു സജീവമായി നില്‍ക്കുന്ന അനുഗ്രഹീത അഭിനേത്രിയുടെ ജന്‍മദിനാഘോഷത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴി‍ഞ്ഞു. പ്രശസ്ത ബോളിവുഡ് സംവിധായിക ഫറാഖാനാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. 

ജീവിത പങ്കാളിയും പ്രശസ്ത ചലച്ചിത്രകാരനുമായ ജാവേദ് അക്തറിനൊപ്പമാണ് പ്രെറ്റി ലിറ്റില്‍ ബേബി ഗാനത്തിനൊപ്പം ശബാന ചുവടുവച്ചത്. പശ്ചാത്തലത്തില്‍ ബോളിവുഡ് ലോകമൊന്നാകെ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മാധുരി ദീക്ഷിത്, രേഖ, ഊര്‍മിള മണ്ഡോദ്കര്‍, ഫര്‍ഹാന്‍ അക്തര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയ ബോളിവുഡ് പ്രമുഖരെല്ലാം ആഘോഷത്തിനുണ്ടായിരുന്നു.

1950 സെപ്റ്റംബര്‍ 18നാണ് ശബാന ആസ്മിയുടെ ജനനം. മികവാര്‍ന്ന അഭിനയത്തിലൂടെയും ഉറച്ച നിലപാടുകളിലൂടെയും ഇന്ത്യന്‍ സിനിമയിലും നാടകവേദിയിലും തിളങ്ങിയ ശബാന ഈ എഴുപത്തഞ്ചാം വയസിലും വെബ് സീരീസിലടക്കം കേന്ദ്രകഥാപാത്രമായി സജീവമാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ ഡബ്ബാ കാര്‍ട്ടല്‍  സീരീസില്‍ ആക്ഷന്‍ വരെ അനായാസം കൈകാര്യം ചെയ്തു ശബാന. ശ്യാം ബെനഗലിന്റെ അങ്കൂറിലൂടെ 1974ല്‍ തുടങ്ങിയ അഭിനയജീവിതം സത്യജിത് റേ, അപര്‍ണ സെന്‍, ദീപ മേത്ത തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് മുന്നോട്ടു പോയത്. താരതമ്യങ്ങളില്ലാത്ത ആ യാത്രയില്‍ അഞ്ചു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ശബാന സ്വന്തമാക്കി.

ENGLISH SUMMARY:

Shabana Azmi is an iconic Indian actress who recently celebrated her 75th birthday. A video of her dancing with Javed Akhtar at her birthday party has gone viral, showcasing her enduring energy and the presence of many Bollywood celebrities.