മതത്തിന്റെ സാംസ്കാരിക വശങ്ങളോട് അടുപ്പമുണ്ടെങ്കിലും മതാചാരങ്ങൾ പിന്തുടരാറില്ലെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. താൻ മുസ്‌ലിമാണെന്നും ഇസ്‌ലാമിന്റെ സാംസ്കാരിക പാരമ്പര്യങ്ങളോട് അടുപ്പമുണ്ടെങ്കിലും മതാചാരങ്ങൾ സജീവമായി പിന്തുടരാറില്ലെന്നും അവർ വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
ഈദ് ആഘോഷങ്ങൾ, ഉർദു ഭാഷ, ഭക്ഷണരീതികൾ, മുസ്‌ലിം സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയോട് തനിക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് ഷബാന ആസ്മി പറഞ്ഞു. എന്നാൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാറില്ലെന്നും നമസ്കാരം നിർവഹിക്കാറില്ലെന്നും അവർ വ്യക്തമാക്കി.
കുടുംബപശ്ചാത്തലവും തന്റെ മതപരമായ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് നടി അഭിമുഖത്തിൽ സൂചിപ്പിച്ചു. പ്രശസ്ത ഉർദു കവിയും പിതാവുമായ കൈഫി ആസ്മി നിരീശ്വരവാദിയായിരുന്നുവെന്നും മാതാവ് ഷൗക്കത്ത് ആസ്മി മതപരമായ ആചാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.
ഭർത്താവും പ്രശസ്ത തിരക്കഥാകൃത്തുമായ ജാവേദ് അക്തറും കടുത്ത നിരീശ്വരവാദിയാണ്. താൻ ചില സന്ദർഭങ്ങളിൽ ‘മാഷാ അല്ലാഹ്’, ‘ഇൻഷാ അല്ലാഹ്’ തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ചോദിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇത്തരം പ്രയോഗങ്ങൾ തന്റെ ഭാഷയുടെയും സാംസ്കാരിക പശ്ചാത്തലത്തിന്റെയും ഭാഗമാണെന്നാണ് ഷബാനയുടെ നിലപാട്.
മതവിശ്വാസവും നിരീശ്വരവാദവും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളായിരിക്കണമെന്നും ഒരാളുടെ വിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും നടി അഭിപ്രായപ്പെട്ടു. മതപരമായ കാര്യങ്ങളിൽ ഭരണകൂടം അനാവശ്യമായി ഇടപെടുന്നതിനോടും തനിക്ക് യോജിപ്പില്ലെന്നും അവർ വ്യക്തമാക്കി.