മനോരമ ന്യൂസിന്‍റെ ‘നേരെ ചൊവ്വേ’ അഭിമുഖത്തിലാണ് ഉണ്ണി മുകന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ പറഞ്ഞത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം താന്‍ പട്ടം പറത്തിയെന്നും അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറഞ്ഞു. ഇന്ന് അതേ പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന സിനിമയില്‍ നായകനാവുകയാണ് ഉണ്ണി മുകുന്ദന്‍.
'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേര്. ചിത്രത്തില്‍ മോദിയായി തന്നെ ഉണ്ണി എത്തുമെന്നാണ് വിവരം. സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന ചിത്രം, എം.വീർ റെഡ്‌ഡി നിർമിക്കും. പാൻ ഇന്ത്യൻ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളിലടക്കം റിലീസ് ചെയ്യും.
‘നേരെ ചൊവ്വേ’യില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്
‘മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്. ഞാനെന്‍റെ രാഷ്ട്രീയ നിലപാടൊന്നും എവിടേയും പറഞ്ഞിട്ടില്ല.
യഥാർഥത്തിൽ രാജ്യത്തോടുള്ള എന്‍റെ ഇഷ്ടത്തേയും ആത്മാർഥതയേയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാൽ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത. ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്‍റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയുമുണ്ട്’