തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം.
ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ചികിത്സയിൽ ഇരിക്കെയാണ് മരണം. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ അവതരണം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തമിഴകം കടന്നും റോബോ ശങ്കറിന് ആരാധകരുണ്ടായിരുന്നു.