Image Credit: instagram.com/iamunnimukundan

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. ഉണ്ണി മുകുന്ദനാണ് നായകന്‍. 'മാ വന്ദേ' എന്ന് പേരിട്ട ചിത്രത്തിന്‍റെ വിവരങ്ങള്‍ നിര്‍മാണക്കമ്പനിയായ സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ 75–ാം പിറന്നാളിനോട് അനുബന്ധിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. മോദിയുടെ സംഭവബഹുലമായ ജീവിതത്തെ അതുപോലെ ചിത്രീകരിക്കുന്നതാകും സിനിമ. കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള യാത്ര ബയോപികില്‍ അതുപോലെ ചിത്രീകരിക്കും. മോദിയും അമ്മ ഹീരാബെന്നുമായുള്ള ആത്മബന്ധവും സിനിമയിലെ പ്രധാന രംഗങ്ങളാകും. ഇംഗ്ലിഷ് ഉള്‍പ്പടെ വിവിധ ഭാഷകളിലാകും ചിത്രം തിയേറ്ററുകളിലെത്തുക. 

പ്രധാനമന്ത്രിയുടെ ബയോപികില്‍ നായകനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അഹമ്മദാബാദില്‍ ജനിച്ചു വളര്‍ന്ന താന്‍, തന്‍റെ മുഖ്യമന്ത്രിയെന്ന നിലയിലാണ് മോദിയെ കുറിച്ച് ആദ്യമായി അറിയുന്നതെന്നും വര്‍ഷങ്ങള്‍ക്കു ശേഷം 2023 ല്‍ നേരിട്ട് കാണാന്‍ സാധിച്ചുവെന്നും ഉണ്ണി കുറിക്കുന്നു.

നടന്‍ എന്ന നിലയില്‍ അങ്ങേയറ്റം സന്തോഷവും പ്രചോദനവും പകരുന്നതാണ് പുതിയ വേഷമെന്നും പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ ജീവിതമാണ് മോദിയുടേതെന്നും കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയക്കാരനപ്പുറത്തേക്കുള്ള മോദിയെയാകും സിനിമ ചിത്രീകരിക്കുന്നതെന്നും ഉണ്ണി സൂചനകള്‍ നല്‍കി. ആരുടെയും മുന്നില്‍ തല കുനിക്കരുതെന്ന് മോദി തന്നോട് പറഞ്ഞത് മന്ത്രമെന്നോണം താന്‍ സൂക്ഷിക്കുന്നുവെന്നും ജീവിതത്തിലെ പ്രതിസന്ധികളില്‍ അത് കരുത്തായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ക്രാന്തി കുമാറാണ് പ്രധാനമന്ത്രിയുടെ ജീവിതം സിനിമയാക്കുന്നത്. ബാഹുബലിയുടെ സിനിമട്ടോഗ്രഫര്‍ കെ.കെ. സെന്തില്‍ കുമാറാകും  മാ വന്ദേയുടെയും ക്യാമറ. രവി ബാസ്ര്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കും. സാബു സിറിലും കിങ് സോളമനുമാണ് പ്രൊഡക്ഷന്‍ ഡിസൈനും ആക്ഷന്‍ കോറിയോഗ്രഫിയും. 

ENGLISH SUMMARY:

Narendra Modi biopic, titled 'Maa Vande,' is set to portray the Indian Prime Minister's life, starring Unni Mukundan. The film will showcase Modi's journey from childhood to his current position, highlighting his relationship with his mother and offering insights beyond his political persona.