പ്രിയതമ രഹനയ്ക്കൊപ്പം കലാഭവന്‍ നവാസ്  വേഷമിട്ട 'ഇഴ' എന്ന ചിത്രത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മക്കള്‍. സിനിമ യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് പോസ്റ്റ് പങ്കുവെയ്ക്കുന്നത്.  നവാസിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തന്നെയാണ് കുറിപ്പ് പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം രഹനയ്ക്കൊപ്പം  നവാസഭിനയിച്ച ചിത്രമായിരുന്നു ഇഴ. 

യൂട്യൂബില്‍ ഇതിനോടകം ഇരുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ സിനിമ കണ്ടുകഴിഞ്ഞു. സലീം മുതുവമ്മല്‍ നിര്‍മിച്ച ചിത്രം എഴുതി സംവിധാനം ചെയ്തത് സിറാജ് റെസയാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ വൈകിയെന്നും വാപ്പിച്ചിയുണ്ടായിരുന്നെങ്കില്‍ ഇതിനകം പോസ്റ്റ് ചെയ്തേനെയെന്നും കുറിപ്പില്‍ പറയുന്നു. എല്ലാവരും സിനിമ കാണണമെന്നും കുറിപ്പിലുണ്ട്.

'പ്രിയരേ,

വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു.... 

വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു.

പോസ്റ്റ്‌ ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്.

എല്ലാരും സിനിമ കാണണം..🙏🏻🙏🏻🙏,'  പോസ്റ്റില്‍ കുറിച്ചു.

‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണു നവാസ് ആദ്യമായി നായകനായി എത്തിയത്. ഈ ചിത്രത്തിലും രഹ്നയായിരുന്നു നായിക. നവാസും രഹ്നയും ആദ്യമായി ഒന്നിച്ചഭിനയിച്ചതും ഈ ചിത്രത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വൈകിട്ടാണ് ഷൂട്ടിങ് കഴിഞ്ഞെത്തിയ കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസ് കുഴഞ്ഞു വീണത്.

ENGLISH SUMMARY:

Kalabhavan Navas's movie 'Izha' is receiving heartfelt tributes from his children. Released on YouTube, the film stars Navas alongside his wife Rahna, marking a significant collaboration years after their first movie together.