revathy-rammana-childbirth

കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ്  ഐവിഎഫ് വഴി ഗർഭിണിയായെന്ന് നർത്തകിയും അഭിനേത്രിയുമായ കന്നഡ താരം ഭാവന രാമണ്ണ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, താരം പ്രസവിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. 

രണ്ട് പെൺകുഞ്ഞുങ്ങൾക്കാണ് ഭാവന ജന്മം നൽകിയത്. എന്നാല്‍ ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് ഭാവന കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഏഴാം മാസത്തില്‍ താരത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതായാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി പരിശോധനയിലും വ്യക്തമായിരുന്നു. എട്ടാം മാസമാണ് ഭാവന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഭാവനയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ഐവിഎഫ് ചികിത്സ വഴി ഗർഭം ധരിച്ച വിവരം ഭാവന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വിട്ടത്. അവിവാഹിതയായ താരത്തിന്റെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഈ വിവരം താരം പങ്കുവച്ചത്. ഇരട്ടക്കുട്ടികളാണെന്നും താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

1997ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി പ്രാണാക്ഷി’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന താരം ആ ചിത്രത്തിൽ മികച്ച സഹനടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും നേടി. 2002, 2012 എന്നീ വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഭാവന സ്വന്തമാക്കി. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ‘ഒറ്റ’ എന്ന മലയാള സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനരംഗത്തും സജീവമാണ് താരം.

ENGLISH SUMMARY:

Bhavana Ramanna, a Kannada actress, recently gave birth to twins via IVF. Tragically, one of the twin girls passed away shortly after birth, while Bhavana and the surviving child are reportedly in good health.