Image: Instagram.com/navyanair143
കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് ഓസ്ട്രേലിയയില്‍ പിഴയീടാക്കിയത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. സംഭവം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് നവ്യ തമാശരൂപേണ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന്‍റേയും ഫ്ലൈറ്റില്‍ കയറുന്നതിന്‍റേയും ഷോപ്പിങിന്‍റെയും വിമാനത്താവളത്തിലെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവച്ചത്. ദൃശ്യങ്ങളിലും കേരള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയാണ് നവ്യയുള്ളത്.
വിഡിയോക്ക് താഴെ കമന്‍റുമായി രമേഷ് പിഷാരടിയടക്കമുളളവരും എത്തിയിട്ടുണ്ട്. ‘അയാം ഫൈന്‍ താങ്ക്യൂ’ എന്നാണ് രമേഷ് പിഷാരടി തമാശയായി കുറിച്ചത്. നവ്യയുടെ ആരാധകരും കമന്‍റുകളുമായി എത്തുന്നുണ്ട്. ‘അവർ ഫൈൻ അടിക്കട്ടെ വരൂ നമുക്ക് അടുത്ത റീൽസ് കാണാം, ഏത് മൂഡ്... ഫൈന്‍ മൂഡ്, ഈ ധൈര്യം… ഉണ്ടല്ലോ, മലയാളി പൊളിയാണ്, ഒന്നേ മുക്കാൽ ലക്ഷത്തിന്റെ തല’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍. ‘ഓണം മൂഡ്’ എന്ന പാട്ടുമായാണ് നവ്യ വിഡിയോ പങ്കുവച്ചത്.
ഓണപ്പരിപാടിയില്‍ സംസാരിക്കവെ നവ്യ തന്നെയാണ് ഫൈനടച്ച അനുഭവം പങ്കുവച്ചത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു’ നവ്യ പറയുന്നു.
മുല്ലപ്പൂ കൊണ്ടുവന്നതിന് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കിയിരുന്നു. ഒരുലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താനിങ്ങോട്ട് വന്നതെന്നും തമാശയായി നവ്യ പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് നവ്യയുടെ അനുഭവം സദസ് ഏറ്റെടുത്തത്.
ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് നവ്യയില്‍ നിന്നും പിഴയീടാക്കാന്‍ കാരണമായത്. മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഈ നിയമം മൂലം ഓസ്ട്രേലിയ തടയുന്നു. ഓസ്‌ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളോ രോഗങ്ങളോ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികള്‍ പൂക്കള്‍ എന്നിവയിലൂടെ രാജ്യത്തെത്താം എന്ന ഭയമാണ് ഇതിന് കാരണം. ഓസ്ട്രേലലിയില്‍ മാത്രമല്ല, ന്യൂസീലാന്‍ഡ്, യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളാണുള്ളത്.