Image Credit: instagram.com/trentcarter1/
ഓസ്‌ട്രേലിയയില്‍ റോഡരികില്‍ മൂത്രമൊഴിക്കുന്ന യുവാവിന്‍റെ വിഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. അഡ്ലെയ്ഡിലെ ഒരു ജനവാസ മേഖലയിലാണ് സംഭവം. ട്രെന്റ് കാർട്ടർ എന്ന വ്യക്തിയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. യുവാവിനെ അദ്ദേഹം ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പാരാ ഹിൽസിലൂടെ വാഹനമോടിക്കുമ്പോഴാണ് താൻ സംഭവം കണ്ടതെന്നും കാർട്ടർ വിഡിയോയില്‍ പറയുന്നു.
വൈറലായ വിഡിയോയിൽ, കാറില്‍ നിന്നിറങ്ങിയ കാര്‍ട്ടര്‍ ഒരു മരത്തിനടിയിൽ പതുങ്ങി ഇരിക്കുന്ന യുവാവിന്‍റെ അരികിലേക്ക് ഓടിച്ചെല്ലുന്നത് കാണാം. പാന്‍റ്സും അടിവസ്ത്രവും താഴ്ത്തിയാണ് യുവാവ് ഇരിക്കുന്നത്. പിന്നാലെ 'നീ എന്താണ് ചെയ്യുന്ന'തെന്ന് കാര്‍ട്ടര്‍ ചോദിക്കുന്നു. യുവാവ് പെട്ടെന്ന് എഴുന്നേല്‍ക്കുകയും വസ്ത്രങ്ങൾ വലിച്ചുകയറ്റി താന്‍ മൂത്രമൊഴിക്കുകയായിരുന്നു എന്ന് മറുപടി നല്‍കുകയും ചെയ്യുന്നു. 'ഇത് ഓസ്‌ട്രേലിയയാണെന്ന്' കാര്‍ട്ടര്‍ പറയുമ്പോള്‍ യുവാവ് വീണ്ടും താന്‍ മൂത്രമൊഴിക്കുകയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. പിന്നാലെ 'നീ ഇവിടെ പതുങ്ങി ഇരിക്കുകയായിരുന്നു, ഇവിടെയാണോ മൂത്രമൊഴിക്കുന്നത്, ഇങ്ങനെയല്ല മൂത്രമൊഴിക്കുന്ന'തെന്നും കാര്‍ട്ടര്‍ പറയുന്നു.
ഇതെല്ലാം വളരെ സാധാരണമായി മാറിയോ എന്ന് ചോദിച്ചുകൊണ്ടാണ് കാര്‍ട്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കിട്ടത്. ചൊവ്വാഴ്ച സമീപത്തെ ജനവാസ മേഖലയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ കമന്‍റുകളില്‍ രോഷം പ്രകടിപ്പിച്ച് നെറ്റിസണ്‍സുമെത്തി. ‘അവനോട് അവന്‍റെ രാജ്യത്ത് ചെന്ന് അത് ചെയ്യാന്‍ പറയുക’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘സമീപത്ത് ഒരു കുറ്റിക്കാടുപോലും കണ്ടെത്താന്‍ കഴിഞ്ഞില്ലേ’,‘ഇവര്‍ ഒട്ടും വൃത്തിയില്ലാത്തവരാണ്, എന്നിട്ടും അവരെ ബഹുമാനിക്കണമെന്ന് അവര്‍ പറയുന്നു’ ഇങ്ങനെ നീളുന്നു കമന്‍റുകള്‍. ചിലര്‍ അയാള്‍ ഒരു ഇന്ത്യക്കാരനാണെന്ന് കമന്‍റുകളില്‍ കുറിച്ചെങ്കിലും യുവാവിന്‍റെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടില്ല.
ഓസ്‌ട്രേലിയയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയോ മലമൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും ഇതിനുള്ള ശിക്ഷകള്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. മിക്ക ഇടങ്ങളിലും ഈ പ്രവൃത്തിയെ പൊതു ശല്യമായോ അസഭ്യമായ പെരുമാറ്റമായോ ആണ് കണക്കാക്കുന്നത്. അതേസമയം, ചില സംസ്ഥാനങ്ങൾ ഇത് പൂര്‍ണമായി നിരോധിക്കുകയും ശിക്ഷയായി പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.സംഭവം നടന്ന സൗത്ത് ഓസ്‌ട്രേലിയയിലെ പാരാ ഹിൽസില്‍ പൊതുസ്ഥലങ്ങളില്‍ ശുചിമുറിയില്‍ അല്ലാതെ മൂത്രമൊഴിക്കുകയോ മലമൂത്ര വിസർജ്ജനം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. പരമാവധി 250 ഡോളര്‍വരെ പിഴ ഈടാക്കുകയും ചെയ്യാം.