പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയെ പറ്റി സുഹൃത്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഐസിയുവിലെ കൊടും തണുപ്പിൽ ഇപ്പോഴും കണ്ണടച്ച് കിടക്കുവാണെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് മോഹന്‍ലാലും സുരേഷ് ഗോപിയും അവരുടെ ശബ്ദം അയച്ചുവെന്നും നിങ്ങളുടെ പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിലൂടെ സുഹൃത്ത് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും അവതാരകനായാണ് രാജേഷ് ശ്രദ്ധനേടിയത്. പിന്നീട് വിവിധ സിനിമകളില്‍ അഭിനയിച്ചു. 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'നീന', 'തട്ടുംപുറത്ത് അച്യുതന്‍' എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ രാജേഷ് അഭിനയിച്ചിട്ടുണ്ട്