lokah-alia

Image Credit: Instagram

'ലോക' സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. തീര്‍ത്തും പുതുമയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും താന്‍ എപ്പോഴും ആഗ്രഹിച്ച ചുവടുവെയപ്പാണിതെന്നും ആലിയ ഭട്ട് കുറിച്ചു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നെന്നും ആലിയയുടെ കുറിപ്പ് വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലോക സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുളള അഭിനന്ദനം ആലിയ ഭട്ട് അറിയിച്ചത്. 

ആലിയ ഭട്ട് പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: ‘പുരാണ നാടോടിക്കഥകളെയും നിഗൂഢതയെയും പുതുമയോടെ ലോകയിൽ സമന്വയിപ്പിച്ചിരിക്കുന്നു! ചിത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സിനിമയോടുള്ള എന്‍റെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്!’– ആലിയ കുറിച്ചു.

alia-post

റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോക: ചാപ്റ്റര്‍ 1, ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഏകദേശം മ‌ുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ദിവസങ്ങള്‍ക്കുളളില്‍ തന്നെ മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളും ഭേതിച്ച് മുന്നേറുകയാണ്.  കല്യാണിക്കൊപ്പം പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത് നെസ്​ലന്‍ കെ ഗഫൂറാണ്. ഹിന്ദി , തമിഴ് , കന്നട, തെലുഗു എന്നിങ്ങനെ നാലു ഭാഷകളിലും മൊഴി മാറ്റം ചെയ്തിറിക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ENGLISH SUMMARY:

World cinema is praised by Alia Bhatt for its fresh take on storytelling. It blends mythology and mystery innovatively, and Alia expresses joy at the film's reception and her desire to support such cinematic endeavors.