ബീഫ് തങ്ങളുടെ കുടുംബം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍. ബീഫ് വിലകുറഞ്ഞ മാംസമായാണ് എല്ലാ മുസ്‌ലിം കുടുംബങ്ങളും കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പശുവിന്‍പാല്‍ അമ്മയുടെ പാല്‍പോലെ പവിത്രമെന്നാണ് പ്രവാചകന്‍റെ വാക്കുകളെന്നും സലിം ഖാന്‍ ദ ഫ്രീ പ്രസ് ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഭക്ഷണരീതിയിലും വ്യത്യസ്ത സംസ്കാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം കൃത്യമായ നിലപാടുള്ള വ്യക്തിയാണ് സലിം ഖാന്‍. പ്രവാചകന്‍റെ വാക്കുകളനുസരിച്ച് ബീഫ് നിഷിധമാണെന്നും, പശുവിൻ പാൽ അമ്മയുടെ പാലിന് പകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇൻഡോറിൽ നിന്ന് ഇന്നുവരെ ഞങ്ങൾ ബീഫ് കഴിച്ചിട്ടില്ല. ഏറ്റവും വിലകുറഞ്ഞ മാംസമായതുകൊണ്ട് മിക്ക മുസ്ലിംകളും ബീഫ് കഴിക്കാറുണ്ട്, ചിലർ വളർത്തുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും ഇത് വാങ്ങാറുണ്ട്. എന്നാൽ പ്രവാചകൻ മുഹമ്മദിന്‍റെ വാക്കുകളില്‍ പശുവിൻ പാൽ അമ്മയുടെ പാലിന് പകരമാണെന്നും അത് മുഫിദായ (പ്രയോജനകരമായ) ആണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. പശുക്കളെ കൊല്ലരുതെന്നും ബീഫ് നിഷിദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്’– സലിം ഖാൻ പറയുന്നു.
കുട്ടിക്കാലത്ത് ഇന്‍ഡോറില്‍ അയല്‍വാസികളായ ഹിന്ദുക്കളോടൊപ്പം താമസിക്കുമ്പോൾ എല്ലാ സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന ശീലം തനിക്കു കൈവന്നു, തന്റെ വിവാഹവേളയില്‍ സംഭവിച്ച പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവാഹത്തിനു ഹിന്ദു-മുസ്ലീം ആചാരങ്ങൾ രണ്ടും നടത്തിയിരുന്നു, ഭാര്യക്ക് സപ്തപദി (ഏഴ് പ്രദക്ഷിണം) എന്ന ആചാരം ഇഷ്ടമായിരുന്നു, അങ്ങനെ വിവാഹവേളയില്‍ സപ്തപദി നടത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.