Image Credit: Instagram
പ്രതിശ്രുത വരന്‍ ഷണ്‍മുഖരാജിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. തന്‍റെ ശരീരം വില്‍ക്കാന്‍ ഷണ്‍മുഖരാജും കുടുംബവും ശ്രമിച്ചുവെന്നും ലൈംഗികവൃത്തിക്ക് ഉപയോഗിക്കാന്‍ നീക്കം നടത്തിയെന്നുമാണ് സുചിത്ര സമൂഹമാധ്യമത്തിലൂടെ ആരോപിക്കുന്നത്. തനിക്ക് മാനസിക വിഭ്രാന്തിയാണെന്നും ഷണ്‍മുഖമാണ് പരിചരിക്കുന്നതെന്ന് അടുപ്പക്കാരോടെല്ലാം പറഞ്ഞു പരത്തിയെന്നും സുചിത്ര കുറിച്ചു.
സുചിത്രയുടെ കുറിപ്പിങ്ങനെ..' ഷണ്‍മുഖരാജും കുടുംബവും എന്നെ വഞ്ചിച്ചതിങ്ങനെ.. നിങ്ങള്‍ അറിയണം... എന്നെ കുറിച്ചുള്ള അപവാദങ്ങളെല്ലാം ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണെന്നും ഷണ്‍മുഖമാണ് എന്നെ നോക്കുന്നതെന്നും എല്ലാവരോടും പറഞ്ഞു പരത്തി. എല്ലാവരും അത് വിശ്വസിച്ചു. അഭിമുഖങ്ങള്‍ നല്‍കാന്‍ ഞാന്‍ പോകുമ്പോഴെല്ലാം എല്ലാ ചാനലുകളിലുമെത്തി എന്നെ കുറിച്ചുള്ള അപവാദങ്ങള്‍ പറഞ്ഞുപരത്തി. മദ്യപാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കുന്നതിനാണ് ഷണ്‍മുഖം എന്നെ അടിക്കുന്നതെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. സത്യത്തില്‍ ഞാന്‍ മദ്യപിക്കാറില്ല. പലവട്ടം ഞാനിക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ആരും അത് വിശ്വസിച്ചില്ല. അതും ഷണ്‍മുഖം ഉപയോഗപ്പെടുത്തി.
എന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. അയാളുടെ കുടുംബത്തിന്‍റെയും ലക്ഷ്യം അതുതന്നെ ആയിരുന്നു. സുചിത്ര ശരീരം വിറ്റ് ജീവിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പ്രായമാകുന്നത് വരെ എന്നെ പറ്റിച്ച് ജീവിക്കാനും പ്രായമായാല്‍ വികലാംഗയാക്കി മാറ്റി വീല്‍ച്ചെയറിലാക്കി കളയാനും ഷണ്‍മുഖം പദ്ധതിയിട്ടിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായി ഷണ്‍മുഖവും ബന്ധുക്കളും ഇമെയില്‍ മുഖേനെ സംസാരിച്ചിട്ടുണ്ടെന്നും അതൊന്നും കണ്ടില്ലായിരുന്നുവെങ്കില്‍ താന്‍ വിശ്വസിക്കില്ലായിരുന്നുവെന്നും സുചിത്ര കുറിക്കുന്നു. തന്‍റെ പ്രതിഭയും ഇമേജും ദുരുപയോഗം ചെയ്യാനാണ് ഷണ്‍മുഖവും കുടുംബവും ശ്രമിച്ചെതന്നും ഇതുപോലെയുള്ള തട്ടിപ്പുകാര്‍ ഇനിയും ചുറ്റിലുമുണ്ടാകാമെന്നും തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും സുചിത്ര കുറിച്ചു.
ഷണ്‍മുഖരാജും അമ്മ ഉഷാദേവിയും ഷണ്‍മുഖത്തിന്‍റെ ആദ്യഭാര്യ ഇന്ദ്രയും മക്കളായ നന്ദികയും ദര്‍ഷികയും ഉള്‍ക്കൊള്ളുന്നതാണ് ഈ തട്ടിപ്പ് സംഘമെന്നും സുചിത്ര ആരോപിക്കുന്നു. കേക്ക് ഷോപ്പ് എന്ന പേരില്‍ ഷണ്‍മുഖത്തിന്‍റെ പെണ്‍മക്കള്‍ ആണ്‍കുട്ടികളുമായി ഡേറ്റിങ് നടത്തുകയാണെന്നും ആണ്‍കുട്ടികളില്‍ നിന്ന് വ്യാപകമായി പണം തട്ടുന്നുവെന്നും കുറിപ്പില്‍ ആരോപിക്കുന്നു.
തമിഴ് സിനിമാരംഗത്തെ പിടിച്ചുലച്ച പല വെളിപ്പെടുത്തലുകളും മുന്‍പ് നടത്തിയാണ് സുചിത്ര വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്സ് വിവാദത്തിന് ശേഷമുള്ള തന്‍റെ മാനസികാവസ്ഥ ഷണ്‍മുഖം ദുരുപയോഗം ചെയ്തുവെന്നും സുഹൃത്തുക്കളില്‍ നിന്നകറ്റിയെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. കടുത്ത സാമ്പത്തിക ചൂഷണമാണ് താന്‍ നേരിട്ടതെന്നും കോടതിയെ സമീപിക്കുമെന്നും സുചിത്ര വ്യക്തമാക്കി.