ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം 'തലവര'യ്ക്ക് തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് 'തലവര'യിലെ ജ്യോതിഷ്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് ശേഷം അണിയറപ്രവർത്തകർ ചേർന്ന് നടത്തിയ പ്രസ് മീറ്റിൽ മനസ്സ് തുറന്നിരിക്കുകയാണ് അർജുൻ അശോകനും സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും. 

''ആദ്യമായിട്ടാണ് എന്‍റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നത്, അല്ലെങ്കിൽ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ എന്ന് അര്‍ജുൻ അശോകൻ പറഞ്ഞു. ഫാമിലിയുമായാണ് ആദ്യ ഷോയ്ക്ക് വന്നത്, ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്‍റെ കൈയ്യിൽ നിന്ന് പോയി. പ്രേക്ഷകരുടെ റെസ്പോൺസ് കണ്ട് ഞാനാകെ ഇമോഷണലായി. അത് കഴിഞ്ഞ് പത്തുമണിയുടെ ഷോയ്ക്ക് കസിൻസ് കയറി, അവർ പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കൂട്ടക്കരച്ചിലായി. ഇത്രയും നാള്‍ ഞാനഭിനയിച്ച സിനിമകളിൽ എവിടെയെങ്കിലുമൊക്കെ എന്നെ കാണാമായിരുന്നു പക്ഷേ ഈ പടത്തിൽ ജ്യോതിഷിനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അവർ പറഞ്ഞത്. അഖിലും അപ്പുവും അത്രയും ഡീപ്പായിട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. അതാണ് അതിന് കാരണം, നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ഇനിയും തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തണം. അതിനായി കുറെ ശ്രമിക്കുന്നുണ്ട്, അത്രയും നല്ല സിനിമ ആയതുകൊണ്ടാണത്'', അർജുൻ പ്രസ് മീറ്റിനിടയിൽ പറഞ്ഞു. 

''എന്തെങ്കിലും ഇൻസെക്യൂരിറ്റീസ് മൂലം ഫിൽറ്ററിട്ടോ ബ്ലാക്ക് ആൻഡ് വൈറ്റിലോ ഒക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്നൊരു മനുഷ്യന് ഈ സിനിമ കണ്ടു കഴിഞ്ഞാൽ ഒറിജിനൽ ഫോട്ടോ തന്നെ എടുത്ത് ഇടാനുള്ള ധൈര്യം ലഭിക്കണം, അത്ര മാത്രമാണ് ഈ സിനിമ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്, സിനിമയിൽ തന്നെ വെർട്ടിലിഗോയുള്ള അർജുന്‍റെ കഥാപാത്രം ആദ്യം ഫുള്‍ സ്ലീവ് ഇട്ട് നടക്കുകയാണ്, പക്ഷേ അവസാനം ഷര്‍ട്ടഴിച്ചുനിൽക്കാൻ പോലും അയാള്‍ക്ക് കഴിയുന്നുണ്ട്, യങ്സ്റ്റേഴ്സിന് ഒരു മോട്ടിവേഷനാകും ഈ ചിത്രമെന്നാണ് കരുതുന്നത്. ഈ സിനിമയുടെ ആദ്യത്തെ ത്രെഡ് മോട്ടിവേഷണൽ എന്നതുതന്നെ ആയിരുന്നു. ഇതുവരെ കണ്ടു വരാത്ത ക്യാരക്ടർ വേണമെന്ന ആലോചനയിൽ നിന്നാണ് ഒരിക്കൽ ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ട ഒരു വെർട്ടിലിഗോ രോഗാവസ്ഥയുള്ളയാളെ ക്യാരക്ടർ ആക്കാമെന്ന് തോന്നിയത്. അതിനുശേഷം അത്തരത്തിൽ ചുറ്റിലുമുള്ള ആളുകളെ കണ്ട് ശ്രദ്ധിച്ചു തുടങ്ങി. ലോക സിനിമയിൽ തന്നെ വെർട്ടിലിഗോയുള്ള കഥാപാത്രം ത്രൂഔട്ട് ഉള്ള സിനിമകള്‍ രണ്ടോ മൂന്നോയൊക്കെയുള്ളൂ, അതൊരു ഹൈ ആയിരുന്നു, അങ്ങനെയാണ് കഥാപാത്രം ഈ രീതിയിൽ തന്നെയെന്ന് ഉറപ്പിച്ചത്'', സംവിധായകൻ അഖിൽ അനിൽ കുമാർ വ്യക്തമാക്കി. അർജുനേയും അഖിലിനേയും കൂടാതെ നായിക രേവതി ശർമ്മ, താരങ്ങളായ റാഫി ഡിക്യു, മനോജ് മോസസ്, സോഹൻ സീനുലാൽ, അഭിറാം രാധാകൃഷ്ണൻ, ഷെബിൻ ബെൻസൺ, ആതിര മറിയം, തിരക്കഥാകൃത്ത് അപ്പു അസ്ലം തുടങ്ങിയവരും പ്രെസ് മീറ്റിൽ പങ്കെടുത്തു. 

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'യ്ക്ക് തിയേറ്ററുകള്‍തോറും ഗംഭീരമായ അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ഏവരുടേയും അഭിപ്രായം. പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

“For the first time, after watching my film, my father hugged me and kissed me. Usually, he would only say things like ‘not bad’ or ‘it’s okay,’” said actor Arjun Ashokan while speaking about the movie Thalavara at a press meet.