Image Credit:facebook/celebritiesselfies
പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളെ ശരിവച്ച് ഗായിക കെനീഷയെ കുറിച്ച് തുറന്ന് സംസാരിച്ച് നടന്‍ രവി മോഹന്‍. ദൈവം തനിക്കായി തന്ന സമ്മാനമാണ് കെനീഷയെന്നും സ്വയം തിരിച്ചറിയാന്‍ തന്നെ സഹായിച്ചത് കെനീഷയാണെന്നും രവി മോഹന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു കെനീഷയെ ലഭിക്കട്ടെ എന്നാണ് തന്‍റെ ആഗ്രഹമെന്നും താരം പറഞ്ഞു. ചെന്നൈ ട്രേഡ് സെന്‍ററില്‍ രവി മോഹന്‍ സ്റ്റുഡിയോസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു രവി. കെനീഷ തന്‍റെ കൂട്ടുകാരിയും പാട്ടുകാരിയും ആത്മീയ പങ്കാളിയുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിറഞ്ഞ കണ്ണുകളോടെയാണ് കെനീഷ രവിയുടെ വാക്കുകള്‍ കേട്ടിരുന്നത്.
തനിക്കെതിരെ സമീപകാലത്തുണ്ടായ മോശം പ്രചാരണങ്ങള്‍ തളര്‍ത്തിയിട്ടില്ലെന്നും തന്‍റെ ആരാധകരാണ് തന്‍റെ സമ്പാദ്യമെന്നും താരം വ്യക്തമാക്കി. രവി മോഹന്‍ സ്റ്റുഡിയോയുടെ പാര്‍ട്നര്‍ കൂടിയാണ് കെനീഷയെന്നും രവി വെളിപ്പെടുത്തി.
ആശംസാപ്രസംഗത്തിനെത്തിയ കെനീഷ താന്‍ രവിയില്‍ ദൈവത്തെയാണ് കാണുന്നതെന്ന് പറഞ്ഞാണ് മടങ്ങിയത്. 'കഠിനമായ ചില കൊടുങ്കാറ്റുകളിലൂടെ നിങ്ങള്‍ കടന്നുപോയി. എത്ര തന്നെ ദുഃഖം ഉള്ളിലുണ്ടെങ്കിലും അതൊന്നും പുറമേക്ക് കാണിച്ചില്ല. കുറ്റാക്കൂരിരുട്ടിലായി ചുറ്റും കഴിയുന്നവരിലേക്ക് പ്രകാശം വിതറാനുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ഏറ്റവും വലിയ സൂപ്പര്‍ പവര്‍. നിങ്ങളിലുള്ള ദൈവിക ഭാവത്തെ കാണാന്‍ എല്ലാവര്‍ക്കും കഴിയണമെന്നാണ് എന്‍റെ ആഗ്രഹം. നിങ്ങളെനിക്ക് ദൈവത്തെ പോലെയാണ്. മറ്റൊന്നും എന്‍റെ കണ്ണിന് മുന്നിലേ ഇല്ല. മറ്റൊന്നിനെ കുറിച്ചോര്‍ത്തും വിഷമിക്കേണ്ടതില്ല'- കെനീഷ പറഞ്ഞു.
ചടങ്ങിന് മുന്നോടിയായി ഇരുവരും തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും ചടങ്ങിലേക്കെത്തിയത്. കാര്‍ത്തി, ശിവരാജ്കുമാര്‍, ശിവ കാര്‍ത്തികേയന്‍ തുടങ്ങി വന്‍ താരനിരയാണ് സ്റ്റുഡിയോ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
2009 ല്‍ ആരതിയെ വിവാഹം കഴിച്ച രവി മോഹന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധം വേര്‍പെടുത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രവിയും ഗായിക കെനീഷയുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. കെനീഷയാണ് തന്‍റെ ജീവിതം തകര്‍ത്തതെന്ന ആരോപണം ആരതിയും പിന്നീട് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കെനീഷ നിഷേധിക്കുകയാണ് ഉണ്ടായത്. മേയ് മാസം നിര്‍മാതാവ് ഈഷരി ഗണേഷിന്‍റെ മകളുടെ വിവാഹത്തിന് ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും ഡേറ്റിങിലാണെന്ന് ആരാധകരും സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കെനീഷ തന്‍റെ കൂട്ടുകാരിയാണെന്ന് രവി മോഹന്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.