പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘ഹൃദയപൂർവം’ നാളെ മുതൽ തിയറ്ററുകളിൽ. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് എന്നെന്നും ഓർത്തുവയ്ക്കാനാവുന്ന സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഈ വർഷത്തെ വൻ വിജയമായ 'തുടരും' എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന മോഹൻലാൽ ചിത്രമായതിനാൽ തന്നെ ഏവരും വലിയ പ്രതീക്ഷയിലുമാണ്.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്
സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു.അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു