സിന്ദൂരം തൊടുന്നതിനു വേണ്ടിയാണ് താൻ വിവാഹം കഴിച്ചതെന്ന് നടി സ്വാസിക. വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ചുള്ള സ്വാസികയുടെ തുറന്നുപറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ആളുകള്‍ കളിയാക്കി വിളിക്കുന്ന കുലസ്ത്രീ എന്ന വാക്ക് കേള്‍ക്കാനിഷ്ടമാണെന്നും നടി. താലിയിടാനും സിന്ദൂരം നെറുകയിലൂടെ നീട്ടിയണിയാനും ഇഷ്ടമാണെന്നും സ്വാസിക പറയുന്നു.
‘ഞാൻ കല്യാണം കഴിച്ചതു തന്നെ സിന്ദൂരമിടാനാണ്. സത്യമായിട്ടും, കുലസ്ത്രീ എന്നാണല്ലോ എന്നെ ആള്‍ക്കാരെപ്പോഴും കളിയാക്കുന്നത്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമാണ്. കുലസ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു. നെറുകെ വരെ നീട്ടി സിന്ദൂരമിടുന്നതാണ് അതിന്റെ ഒരു ഐതിഹ്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാൻ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാൻ ചെയ്യും. ചില ഡ്രസ് ഇടുമ്പോൾ ചെയ്യാറില്ല. സാരിയുടുക്കുമ്പോൾ ചെയ്യാറുണ്ട്. അപ്പോൾ അതെന്റെ ഒരിഷ്ടമായതു കൊണ്ട് വീട്ടിലിരിക്കുമ്പോഴും രാവിലെ എണീറ്റ് സിന്ദൂരം തൊടുമെന്നും സ്വാസിക പറയുന്നു.
‘കൗമാരകാലം മുതൽ കല്യാണം, കുടുംബം, കുട്ടി പിന്നെ നിങ്ങളൊക്കെ എപ്പോഴും ട്രോളുന്ന ഭർത്താവിന്റെ കാലു തൊട്ടുതൊഴൽ ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. ആളുകൾ എന്നെ ട്രോളി എന്നു കരുതി എന്റെ ഇഷ്ടങ്ങളൊന്നും ഞാൻ ഒരിക്കലും മാറ്റി വയ്ക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളാം, വിമർശിക്കാം. പക്ഷേ, സിന്ദൂരമിടുക, താലി ഇടുക ഇതെല്ലാം എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാനെത്രത്തോളം എന്നെ സ്നേഹിക്കുന്നു. അത്രത്തോളം ഞാൻ എന്റെ സംസ്കാരത്തെയും സ്നേഹിക്കുന്നു’
ഇതെല്ലാം ഓരോരുത്തരുടേയും ചോയിസ് ആണെന്നാണ് വിഡിയോക്ക് താഴെ പലരുടേയും കമന്റുകള്‍. ഇതെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും സ്വാസികയ്ക്ക് അഭിനന്ദനങ്ങൾ എന്നും ചിലർ കമന്റ് ചെയ്തു.