swasika-peedi

തെലുങ്ക് സൂപ്പര്‍താരം രാംചരണിന്‍റെ അമ്മയായി അഭിനയിക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് നടി സ്വാസിക. 'പെഡ്ഡി' എന്ന ബിഗ്ജബറ്റ് ചിത്രത്തിലേക്കായിരുന്നു ക്ഷണമെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും സ്വാസിക പറഞ്ഞു. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ തന്നെത്തേടിയെത്തിയിരുന്നെന്നും അവയില്‍ ഏറ്റവുമധികം ഞെട്ടിച്ചുകളഞ്ഞ ഓഫറായിരുന്നു രാംചരണിന്‍റെ അമ്മവേഷമെന്നും സ്വാസിക പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സ്വാസികയുടെ വെളിപ്പെടുത്തല്‍.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ടീവാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്വാസിക. 'ഭയങ്കര സെലക്ടീവല്ല. 'ലബ്ബര്‍പന്തി'ലേക്ക് എത്തിയത് എങ്ങനെയോ ആണ്. വിളി വന്നു ഞാന്‍ പോയി ചെയ്തു. അതിനു ശേഷം വന്ന 'മാമനും' ഞാനായിട്ട് തിരഞ്ഞെടുത്ത് ചെയ്തതല്ല. 'ലബ്ബര്‍പന്തി'ന്‍റെ സംവിധായകനും 'മാമന്‍റെ' സംവിധായകനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ലബ്ബര്‍പന്ത് കണ്ടാണ് അവര്‍ എന്നെ മാമനിലേക്ക് വിളിച്ചത്. കറുപ്പും ലബ്ബര്‍പന്ത് കണ്ട് വിളിച്ചതാണ്' സ്വാസിക പറഞ്ഞു. 

'ആ സിനിമകളിലെല്ലാം എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമകളെല്ലാം ചെയ്തത്. അല്ലാതെ ചൂസിയായി ചെയ്തതല്ല. പിന്നെ ഞാന്‍ ചൂസ് ചെയ്യാന്‍ തുടങ്ങിയത് തുടര്‍ച്ചയായി എന്നെ തേടി അമ്മ വേഷങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ്. അതില്‍ തന്നെ ഭയങ്കരമായി ഞാന്‍ ഷോക്കായി പോയത് രാംചരണിന്‍റെ അമ്മ വേഷം ചെയ്യാന്‍ വിളി വന്നപ്പോഴാണ്. അതൊരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായിരുന്നു. പെഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഞാന്‍ ചൂസ് ചെയ്തു, നോ എന്ന് പറഞ്ഞു'. നിലവില്‍ എനിക്ക് രാംചരണിന്‍റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ലെന്നും സ്വാസിക പറഞ്ഞു. ഇപ്പോള്‍ എന്തായാലും ഇല്ല, ആവശ്യം വന്നാല്‍ നോക്കാം' എന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

പാന്‍ ഇന്ത്യന്‍ ചിത്രമായ പെഡ്ഡി സംവിധാനം ചെയ്തിരിക്കുന്നത് ബുചി ബാബു സനയാണ്. ജാന്‍വി കപൂര്‍ നായികയായെത്തുന്ന 'പെഡ്ഡി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം.

ENGLISH SUMMARY:

Swasika rejected the offer to play Ram Charan's mother in the Telugu movie 'Peddi'. The actress stated she was shocked by the offer and felt it was not the right time in her career.