തുടരും സിനിമയിലെ ജോര്‍ജ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത്തില്‍ സന്തോഷമെന്ന് പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വര്‍മ്മ. ജോര്‍ജിനെ എല്ലാവരും സ്നേഹിക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. എന്‍റെ അമ്മ പോലും വിളിക്കുന്നത് ‘ജോര്‍ജ് സാര്‍’ എന്നാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചില അനുഭവങ്ങളാണത്. അത്തരം അനുഭവങ്ങളാണ് കുറച്ചു കാലമായി ജീവതത്തില്‍ സംഭവിക്കുന്നത്. താനത് നന്നായി ആസ്വദിക്കുന്നതായും പ്രകാശ് വര്‍മ്മ പറയുന്നു.സിനിമ ഒരു അനുഭൂതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മൂന്നുമാസമായിട്ട് ജീവിതത്തില്‍ വല്ലാത്ത അനുഭവമാണ്. പരസ്യം ചെയ്ത് ഒരു അവാര്‍ഡ് വാങ്ങിയാല്‍ രണ്ട് ദിവസം നില്‍ക്കും, ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവര്‍ വിളിക്കും. എന്നാല്‍ സിനിമ അങ്ങനെയല്ല, പുലര്‍ച്ചെ മൂന്നുമണിവരെ ഫോണ്‍ കോള്‍ എടുക്കുന്നുണ്ട്. എന്‍റെ ഉള്ളില്‍ ഞാനിപ്പോഴും ഫിലിം മേക്കറാണ്, എന്‍റെയുള്ളിലെ സിസ്റ്റം ഒരു നടന്‍ എന്നതിനെ അംഗീകരിച്ചിട്ടില്ലായിരുന്നു, പക്ഷേ ‘തുടരും’ അതിനെ മാറ്റിമറിച്ചു. തുടരും ചിത്രീകരണ സമയത്തെ പല നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചിരുന്നു’ പ്രകാശ് വര്‍മ്മ പറഞ്ഞു. തനിക്കിനിയും സിനിമ ചെയ്യണമെന്നും എല്ലാം ഈശ്വരന്‍ അനുവദിക്കുന്നപോലെ സംഭവിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ ചെയ്യാന്‍ ഇറങ്ങിയ ആളാണ് ഞാന്‍, അത് സംഭവിക്കട്ടെ. സിനിമ കരയിപ്പിക്കണം ചിരിപ്പിക്കണം ചിന്തിപ്പിക്കണം. അതെല്ലാം ഒത്തുവരണം’ പ്രകാശ് വര്‍മ്മ പറഞ്ഞു.
പരസ്യ ചിത്ര സംവിധാനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം, ഏത് സാങ്കേതികവിദ്യ വന്നാലും കഥ പറയുക എന്നത് ശക്തമായ ഒരു ആയുധമാണ്, അത് ഏത് കാലത്തെയും അതിജീവിക്കമെന്നും അദ്ദേഹം പറയുന്നു. നമ്മളെല്ലാം കഥകളുള്ള മനുഷ്യരാണ്, വികാരങ്ങള്‍ കൊണ്ടുവന്നാല്‍ അത് വിജയിച്ചാല്‍ അത് എക്കാലവും നമ്മുടെ മനസില്‍ നില്‍ക്കും. വികാരങ്ങള്‍ എന്നത് ലോകത്തിന്‍റെ ഭാഷയാണ്. ആശയവിനിമയത്തിന്‍റെ ആത്മാവാണതെന്നും പ്രകാശ് വര്‍മ്മ പറഞ്ഞു. ഒരു ബ്രാന്‍ഡ് തുടങ്ങുന്ന സമയം ഒരു ഫിലിം മേക്കറിന് വലിയ അവസരമാണ്. ഏത് ബ്രാന്‍ഡ് ആയാലും അത് നിര്‍മ്മിക്കാനും ആളുകളിലേക്കെത്തിക്കാനും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.