സമൂഹമാധ്യമങ്ങളില്‍ മോശം കണ്ടന്‍റ് ചെയ്യുന്നവരെ കാണുമ്പോള്‍ പേടി തോന്നാറുണ്ടെന്ന് അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വര്‍ഷ രമേഷ്. അതിശക്തമായ മാധ്യമമാണ് സോഷ്യല്‍ മീഡിയ. അത് മനസിലാക്കാതെയാണ് ആദ്യമൊക്കെ വിഡിയോ ചെയ്തിരുന്നത്. പക്ഷേ കരുത്ത് തിരിച്ചറിഞ്ഞത് മുതല്‍ കരുതലോടും ശ്രദ്ധയോടെയുമാണ് വിഡിയോകള്‍ ചെയ്യുന്നതെന്നും കുറച്ചൊക്കെ ടെന്‍ഷനുണ്ടെന്നും വര്‍ഷ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
ഫാമിലി, ഹോംലി കണ്ടന്‍റുകളും അല്ലാത്ത പരസ്യം പോലെയുള്ള കണ്ടന്‍റുകളും സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മലയാളികള്‍ നല്ല ബുദ്ധിയുള്ളവരാണെന്നും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പറ്റിച്ചു പോകാന്‍ കഴിയില്ലെന്നും വര്‍ഷ പറയുന്നു. വീട്ടിലെ കുട്ടിയായി അഭിനയിക്കാന്‍ പറ്റില്ല. അതിവേഗത്തില്‍ അത് കാഴ്ചക്കാര്‍ക്ക് മനസിലാകുമെന്നും അത്തരം കാര്യങ്ങള്‍ തിരിച്ചടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റീല്‍സുകള്‍ ചെയ്യാന്‍ വേണ്ടി ചെയ്തു തുടങ്ങിയ ആളല്ല താനെന്നും സ്വീകാര്യതയുണ്ടായതോടെ കൂടുതല്‍ ചെയ്തു വന്നതാണെന്നും അവര്‍ വെളിപ്പെടുത്തി. കണ്ടന്‍റുകള്‍ ചെയ്തു തുടങ്ങിയ സമയത്ത് ഒരിക്കലും ഇന്‍സ്റ്റഗ്രാമാകും തന്‍റെ പ്രധാന വരുമാനമാര്‍ഗമെന്ന് കരുതിയിട്ടില്ലെന്നും വര്‍ഷ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച സുഹൃത്തുക്കള്‍ തനിക്കില്ലെന്നും ഒപ്പം പഠിച്ചവരോ ഒന്നിച്ച് ജോലി ചെയ്തവരോ മാത്രമാണ് തന്‍റെ സുഹൃത്തുകളെന്നും വര്‍ഷ പറയുന്നു. അതുകൊണ്ടു തന്നെ സമൂഹമാധഅയമത്തിലെ സുഹൃത്തുക്കളെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും എന്നാല്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളും വിവാഹം കഴിച്ചവരുമായവരെ അറിയാമെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു. കണ്ടന്‍റുകള്‍ ചെയ്യാന്‍ തുടങ്ങിയതിന്‍റെ മാറ്റം കുടുംബത്തിലുണ്ടായിട്ടുണ്ട്. മലപ്പുറത്ത് നിന്ന് കൊച്ചിയിലെത്തി അഭിനയിച്ചും ജോലി ചെയ്തും കഴിഞ്ഞപ്പോള്‍ ബന്ധുക്കളില്‍ പലരും മോശമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അത്തരത്തില്‍ സംസാരിക്കുകയില്ലെന്നും റീല്‍സിടുമെന്ന പേടിയുണ്ടെന്നും വര്‍ഷ വിശദീകരിച്ചു.