ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് ധൃതി പിടിച്ച് നിലപാടെടുക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നിലപാട് സമയമാകുമ്പോള്‍ പറയും. സര്‍ക്കാരിന്‍റെ അതേ നിലപാടാകും പാര്‍ട്ടിക്ക് എന്നില്ല. കോടതി തന്നെ ബെഞ്ച് രൂപീകരിച്ച് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കോടതിയുടെ മുന്നിലാണ് യുവതീപ്രവേശം ഇപ്പോള്‍ ഉള്ളത്. നേരത്തേ രൂപീകരിച്ച ഭരണഘടനാബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ പിരിഞ്ഞു പോവുകയോ കോടതിയുടെ ഭാഗമാവുകയോ ചെയ്യാതെയിരുന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇപ്പോള്‍ ബെഞ്ച് രൂപീകരിക്കുകയാവും കോടതി ചെയ്യുക. അത് സംബന്ധിച്ച് തീരുമാനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതിനാല്‍, ധൃതി പിടിച്ച് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നിലപാട് അറിയേണ്ടതില്ല. സര്‍ക്കാര്‍ എടുക്കുന്നതെല്ലാം പാര്‍ട്ടിയുടെ നിലപാട് ആവണമെന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിഷയം ഉയര്‍ന്നത് പ്രതിസന്ധിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം എടുക്കുന്ന എല്ലാ കാര്യവും അതേ പോലെ സര്‍ക്കാര്‍ സ്വീകരിക്കണമെന്നില്ല. ഇടതുപക്ഷ നിലപാടുകള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുന്ന ഇടമല്ല സര്‍ക്കാര്‍. പക്ഷേ അവസരങ്ങളുണ്ട്. അത് ഉപയോഗിക്കുകയും പരിമിതികളെ മനസിലാക്കുകയുമാണ് വേണ്ടത്'. മറിച്ച് ധരിക്കരുതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയാണ്. ചോദ്യങ്ങള്‍ നേരത്തെ രൂപീകരിച്ചതാണെന്നും ബാച്ച് ക്രമത്തില്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി വാദം കേള്‍ക്കാമെന്നും കോവിഡ് കാരണമാണ് മുടങ്ങിപ്പോയതെന്നും കോടതി പറഞ്ഞു. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് 14ന് മുന്‍പ് വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ ഏഴിന് കേസുകളില്‍ വാദം കേട്ടു തുടങ്ങും.