‘ലോകമെമ്പാടുമുള്ള ഒരു പാടുപേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി " എന്ന് സിനിമാനിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂര്‍ പോലും തികഞ്ഞിട്ടില്ലായിരുന്നു. മമ്മൂട്ടി എന്ന മനുഷ്യനെ മലയാളത്തിന് എത്ര മാത്രം മിസ് ചെയ്തിരുന്നുവെന്നറിയാന്‍ സമൂഹമാധ്യമങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹം. കണ്ണീരടക്കാനാകാത്ത സന്തോഷം. ഈ ആഹ്ലാദവും ആശ്വാസവും എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ മനുഷ്യര്‍ സ്നേഹത്തില്‍ നിറഞ്ഞു കുതിര്‍ന്നങ്ങനെ നടക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പതിപ്പിച്ച അക്ഷരങ്ങളില്‍ കാണാം.
വേറൊരാള്‍ക്കു വേണ്ടിയും മലയാളികള്‍ ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല. നമുക്ക് ആ ശബ്ദമൊന്നു കേട്ടാല്‍ മതിയായിരുന്നു, ചിരിയൊന്നു കണ്ടാല്‍ മതിയായിരുന്നു. ഒരു കുഴപ്പവുമില്ല എന്നൊന്നറിഞ്ഞാല്‍ മതിയായിരുന്നു. ഒടുവില്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മടങ്ങിയെത്തുന്നു മമ്മുക്ക എന്ന ഒരൊറ്റ വാര്‍ത്ത മനുഷ്യരെ അടിമുടി സ്വാധീനിച്ചു കഴിഞ്ഞു. അത്രയ്ക്കും മിസ് ചെയ്തിരുന്നു ആ മനുഷ്യനെ. മലയാളികളുടെ ധൈര്യവും ആത്മവിശ്വാസവുമായ ഒരാള്‍. അയാള്‍ തിരിച്ചെത്തുകയാണ്. പൂര്‍വാധികം ഊര്‍ജത്തോടെ വേഗം വരൂവെന്ന് അവര്‍ ആര്‍ത്തു വിളിക്കുന്നത് ആ അഭാവം അത്രമേല്‍ അവരെ പിടിച്ചുലച്ചതുകൊണ്ടാണ്.
മന്ത്രിമാരും ദേശീയ നേതാക്കളും അടക്കം മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ വികാരാധീനരായി കുറിപ്പുകള്‍ ഇട്ടിട്ടുണ്ട്. ഈ തിരിച്ചുവരവും ഈ ചിരിയും അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മള്‍ എന്ന് കെ.സി.വേണുഗോപാല്‍, മുറിഞ്ഞു പോകാത്ത അഭിനയപരീക്ഷണങ്ങളുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്. കേരളം കാത്തിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്., നോവിന്റെ തീയില്‍ മനം കരിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. പ്രാര്‍ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്നും കെ.സി. ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിനൊക്കെ അപ്പുറം ഹൃദയം തൊടും ഒട്ടേറെ പേരുടെ സമൂഹമാധ്യമപോസ്റ്റുകള്‍. കരച്ചില്‍ വരുന്നുവെന്ന നനഞ്ഞ വാക്കുകളാണ് ഏറെയും. ഈ ലോകത്തില്‍ ജീവിക്കാന്‍ അല്‍പം ആശ്വാസം തോന്നുന്നുവെന്ന് സംവിധായിക കുഞ്ഞില മാസിലാമണി. എല്ലാം ഓ.കെയെന്ന് രമേഷ് പിഷാരടി.
ഇതില്‍ കൂടുതല്‍ നല്ലൊരു വാര്‍ത്തയില്ലെന്ന് മാലാ പാര്‍വതി. വീണ്ടും അങ്ങു വന്നെത്തിയല്ലോ എന്ന് എഴുത്തുകാരി ശാരദക്കുട്ടി. സന്തോഷക്കണ്ണീരില്‍ കുതിര്‍ന്ന വാചകങ്ങള്‍ അങ്ങനേ നീണ്ടു പോകുകയാണ്. മലയാളത്തിന്റെ ഒരേയൊരു മമ്മൂട്ടി, പ്രിയപ്പെട്ട മമ്മൂട്ടി തിരിച്ചു വരുന്നു. ആരാധകരല്ലാത്തവര്‍ക്കു പോലും അതാണ് ഇന്നത്തെ വാര്‍ത്ത. കാരണം ആ വാര്‍ത്തയ്ക്ക് മലയാളത്തിന്റെ ആത്മവിശ്വാസത്തിന്റെ കരുത്താണ്.