Picture credit @_diyakrishna_
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണ വ്ലോഗുകളിലൂടെയും മറ്റും ഒട്ടുമിക്ക മലയാളികള്‍ക്കും സുപരിചിതയാണ്. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചര്‍ച്ചയായിരുന്നു. കുടുംബത്തോടൊപ്പം ലേബര്‍ സ്യൂട്ടിലുള്ള ദിയയുടെ പ്രസവ വിഡിയോ ഇങ്ങനെയായിരിക്കണം ഒരു പെണ്‍കുട്ടി പ്രസവിക്കേണ്ടത് എന്നുതന്നെ മലയാളികളെക്കൊണ്ട് പറയിച്ചു. ഇതാണ് ശരിക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സിങ് എന്ന കമന്‍റാണ് പൊതുവില്‍ ദിയയെക്കുറിച്ച് അന്ന് ഉയര്‍ന്നുകേട്ടത്. എന്നാല്‍ കുഞ്ഞുമായി തിയേറ്ററില്‍ പോയതിന്‍റെ പുതിയ വിഡിയോ ദിയ യൂട്യൂബില്‍ ഇട്ടതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്വന്തം വീട്ടില്‍ നിന്ന് ദിയയും അശ്വിനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്ന വിഡിയോയാണ് ദിയ ഇട്ടിരിക്കുന്നത്. വളരെയധികം അഡ്ജസ്റ്റിങ് ചൈല്‍ഡാണ് ഓമി എന്ന് കുഞ്ഞിനെക്കുറിച്ച് ദിയ പറയുന്നുണ്ട്. കുഞ്ഞിനെ കുളിപ്പിച്ചൊരുക്കുന്നതൊക്കെ വിഡിയോയില്‍ കാണാം. പങ്കുവയ്ക്കുന്ന ഫോട്ടോയിലോ വിഡിയോയിലോ ഒന്നുംതന്നെ ഇതുവരെ കുഞ്ഞിന്‍റെ മുഖം ദിയ കാണിച്ചിട്ടില്ല. എന്നാല്‍ എണ്ണതേച്ചു കുളിപ്പിക്കുന്ന ഭാഗങ്ങളില്‍ കുഞ്ഞിന്‍റെ മുഖം മാത്രമേ കാണാത്തതുള്ളൂ എന്നാണ് വരുന്ന കമന്‍റുകള്‍.
കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്‍റെ മുഖമൊന്ന് കാണിക്കൂ എന്ന ആവശ്യം ദിയയുടെ ഫോളോവേഴ്സും സബ്സ്ക്രൈബേഴ്സും കമന്‍റുകളായി ഇടുന്നുണ്ട്. എന്നാല്‍ ഒരു സ്പെഷ്യല്‍ ദിവസം മാത്രമേ കുഞ്ഞിന്‍റെ മുഖം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കൂ എന്ന നിലപാടിലാണ് ദിയ. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതിന്‍റെ വിഡിയോ പങ്കുവച്ചതോടെ വരുന്ന കമന്‍റുകള്‍ ദിയയെ കുറ്റപ്പെടുത്തുന്നതാണ്. ‘ആദ്യമൊക്കെ കുഞ്ഞിന്‍റെ മുഖം ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇവർക്കൊക്കെ ഇത് ഒക്കെ ഒരു ബിസ്സിനസ്സ് പോലെ. കുട്ടിയുടെ പുറം ഭാഗം കാണിക്കാം എന്നാലും മുഖം ആരെയും കാണിക്കില്ല. ഇനി മുഖം കാണിച്ചാലും കാണണ്ട. വെറുപ്പിക്കൽ’ എന്നാണ് ഒരു കമന്‍റ്. ‘എല്ലാ ഭാഗങ്ങളും കാണിക്കുന്ന സ്ഥിതിക്ക് മുഖം കൂടി കാണിച്ചു കൂടെ? എന്തിനാ ഞങ്ങളെ ഇങ്ങനെ നിരാശപ്പെടുത്തുന്നേ’ എന്നിങ്ങനെയാണ് വരുന്ന കമന്‍റുകളുലേറെയും.
കുഞ്ഞിനെ തിയേറ്ററില്‍ കൊണ്ടുപോയതു കൂടിയായപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് പറയുകയാണ് പലരും. ‘ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ച് തീയറ്റർ. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിക്ക് അത് പാടില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കുമെന്നും ഇങ്ങനെ ചെയ്യരുതെന്നും ഉപദേശിക്കുകയാണ് പലരും.